കോട്ടയം: മഴക്കാല ദുരന്താഘാതങ്ങളുടെ സാമൂഹ്യമാനങ്ങള്‍ മനസിലാക്കുന്നതിനും ദുരന്തങ്ങള്‍ നേരിട്ട് അനുഭവിച്ചവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും വിദഗ്ദ്ധ സംഘം എത്തി.
യൂണിസെഫ് ചെന്നൈ മേഖല ചീഫ് കെ.എൽ റാവു ഉള്‍പ്പെടെയുള്ള സംഘം ദുരന്ത ബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടിക്കല്‍, മുണ്ടക്കയം, കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലാണ് സന്ദർശനം നടത്തുന്നത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിസെഫിന്റെയും സ്ഫിയര്‍ ഇന്ത്യയുടെയും സഹകരണത്തോടെ നടത്തുന്ന ഈ സാമൂഹ്യാവലോകനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കേരളത്തിലെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ഭാഗമായ സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടേയും പ്രതിനിധികളായ 13 പേരടങ്ങുന്നതാണ് പഠന സംഘം.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരിൽ നിന്ന് ദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ദുരന്താനന്തര ആവശ്യങ്ങളുടെ പഠനമാണ് സന്ദർശന ലക്ഷ്യം. കുട്ടികളുടെ ക്ഷേമം,സംരക്ഷണം,ജലം, ഭക്ഷണം എന്നിവയുടെ ലഭ്യത,ആരോഗ്യം, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ക്ഷേമം,സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളാണ് പ്രധാനമായും പഠിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, സാമൂഹ്യ നീതി, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനം, മാതൃ-ശിശു വികസനം, ഭക്ഷ്യ പൊതു വിതരണം എന്നീ വകുപ്പുകളാണ് പഠനത്തിൽ പങ്ക് ചേരുന്നത്. വര്‍ദ്ധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ദുരന്താനന്തര ഘട്ടത്തില്‍ വീണ്ടെടുപ്പിനാവശ്യമായ അടിയന്തിര- ഹ്രസ്വ - ദീര്‍ഘകാല നടപടികള്‍ പഠന സംഘം ശുപാര്‍ശ ചെയ്യും. സാമൂഹ്യനയ രൂപീകരണത്തിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും സഹായകമാകുന്ന നിര്‍ദേശങ്ങള്‍ സംഘം സര്‍ക്കാരിന് സമര്‍പ്പിക്കും. ഇന്നലെ കൂട്ടിക്കലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് സജിമോൻ ,മറ്റ് ജനപ്രതിനിധികൾ , റവന്യൂ ഉദ്യോഗസ്ഥർ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ എന്നിവരുമായി ചർച്ച നടത്തി. കൂട്ടിക്കൽ മേഖലയിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവരെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. വൈകുന്നേരം കളക്ട്രേറ്റിലെത്തിയ സംഘം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ , എ.ഡി.എം ജിനു പുന്നൂസ്, എസ്. ഡി.എം .എ പ്രോജക്ട് ഓഫീസർ ജോ ജോൺ ജോർജ്, വിവിധ വകുപ്പു മേധാവികൾ എന്നിവരുമായി ചർച്ച നടത്തി. ഇന്ന് മുണ്ടക്കയം, കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍ തെക്കേക്കര എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും.