ലൈഫ് പദ്ധതി: മണിമല ഗ്രാമപഞ്ചായത്തിൽ സൂക്ഷ്മ പരിശോധന ആരംഭിച്ചു, ലഭിച്ചത് 537 അപേക്ഷകൾ.


മണിമല: ലൈഫ് പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ മണിമല ഗ്രാമപഞ്ചായത്തിൽ സൂക്ഷ്മ പരിശോധന ആരംഭിച്ചു. ലൈഫ് പദ്ധതിക്കായി മണിമല ഗ്രാമപഞ്ചായത്തിൽ ലഭിച്ചത് 537 അപേക്ഷകളാണ്.

പുതിയതായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് ചുമലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ യോഗം പ്രത്യേകം വിളിച്ചു ചേർത്തു. ഭൂരഹിത ഭവനരഹിതരും ഭൂമിയുള്ള ഭവന രഹിതരും ഓണ്‍ലൈനായാണ് അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. അപേക്ഷകളില്‍ രാഷ്ട്രീയ പരിഗണനകളോ, സ്വജനപക്ഷപാതമോ ഉണ്ടാവാതെ സുതാര്യവും നീതിപൂര്‍വ്വമായും വീടുകള്‍ക്ക് ആര്‍ഹതയുള്ളവരെ കണ്ടെത്തും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.

അപേക്ഷകള്‍ മുഴുവന്‍ നേരിട്ട് പരിശോധിച്ച് അര്‍ഹത ഉറപ്പുവരുത്തി വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അർഹരായവർ ഉൾപ്പെടാതെ പോവരുതെന്നും അനർഹർ ഉൾപ്പെടാതെ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർക്കും വാർഡ് അംഗങ്ങൾക്കും നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.