മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി പാലത്തിൽ വിള്ളൽ. പാലത്തിന്റെ പ്രവേശന ഭാഗത്തായാണ് വിള്ളൽ കണ്ടെത്തിയത്. പാലത്തിൽ വിള്ളൽ കണ്ടെത്തിയത് ആശങ്കയുളവാക്കിയിരുന്നു.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനിയർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും വിള്ളൽ കണ്ടെത്തിയത് പാലത്തിന്റെ ബലക്ഷയമല്ല എന്നും ചീഫ് എൻജിനീയർ പറഞ്ഞു. പാലത്തിലേക്കുള്ള പ്രവേശന പാതയ്ക്കും പാലത്തിനുമിടയിലായാണ് വിള്ളൽ കണ്ടെത്തിയത്.
മുകൾ ഭാഗത്തെ ടാറിങ് മാത്രമാണ് ഇളകി മാറിയിരിക്കുന്നത് എന്നാണു പൊതുമരാമത്തു വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ദിവസേന ഭാരവാഹനങ്ങളുൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ കടന്നു പോകുന്നത്.