മല്ലപ്പള്ളി: മല്ലപ്പള്ളി പെരുമ്പെട്ടിയിൽ നിർമ്മാണത്തിരുന്ന വീടിന്റെ കാർ പോർച്ചിന്റെ കോൺക്രീറ്റ് തകർന്നു ചുങ്കപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം. ചുങ്കപ്പാറ പുളിഞ്ചുവള്ളിൽ നജീബ്(42) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ പോർച്ചിന്റെ തട്ട് ഇളക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര നജീബിന്റേയും മറ്റു 2 തൊഴിലാളികളുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. നിലത്തേക്ക് വീണ മൂവരുടെയും മുകളിലായാണ് കോൺക്രീറ്റ് മേൽക്കൂരയുടെ ഒരു ഭാഗം വന്നു പതിച്ചത്.
മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്.നജീബ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടം അറിഞ്ഞു ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് മൂവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. നജീബിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് ചുങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ:സബീന, മക്കള്‍:മുഹമ്മദ്ഷാ, മുഹമ്മദ്ഷെമീര്‍,മുഹമ്മദ്ഷെഹീന്‍.