മണിമല: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും തുടർന്നുണ്ടായ പ്രളയത്തിലും തകർന്ന മണിമലയിലെ വ്യാപാര മേഖലയുടെ ഉണർവിനായി മണിമല ഷോപ്പിംഗ് ഫെസ്റ്റിവലുമായി വ്യാപാരികൾ.
കനത്ത മഴയിൽ വെള്ളം ഇരച്ചെത്തിയതോടെ കരകവിഞ്ഞ മണിമലയാർ മണിമലയിലെയും സമീപ മേഖലയിലെയും വ്യാപാര സ്ഥാപനങ്ങളെ അപ്പാടെ മുക്കിക്കളഞ്ഞിരുന്നു. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്നു വ്യാപാരികൾക്ക് കനത്ത ബാധ്യതയാണ് പ്രളയം വരുത്തിയത്. മണിമലയിൽ മാർക്കറ്റ് ജംക്ഷൻ മുതൽ ബസ്റ്റാന്റ് മേഖലയും മൂങ്ങാനിയുമെല്ലാം വ്യാപാരസ്ഥാപനങ്ങളുൾപ്പടെ വെള്ളത്തനടിയിലായിരുന്നു.
പ്രളയത്തിൽ തകർന്ന മണിമലയിലെ വ്യാപാര മേഖലയുടെ ഉണർവിനായി മണിമല,വെള്ളാവൂർ പഞ്ചായത്തുകളുടെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റാണ് മണിമല ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലായാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മണിമല ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി യൂണിറ്റ് പ്രസിഡൻറ് ജോയിസ് കൊച്ചുമുറിയിൽ, ജനറൽ സെക്രട്ടറി ഷിയാസ് വണ്ടാനം എന്നിവർ പറഞ്ഞു. മണിമല ഷോപ്പിംഗ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം എംഎൽഎ യും സർക്കാർ ചീഫ് വിപ്പുമായ ഡോ.എൻ ജയരാജ് നിർവ്വഹിച്ചു. ഇലക്ട്രിക്ക് സ്‌കൂട്ടറുകളടക്കം 25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ആണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ആഴ്ചതോറും നറുക്കെടുപ്പുണ്ടാകും. സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കലാപരിപാടികളും നടത്തും. പ്രളയത്തിന്റെ ആഘാതത്തിൽ നിന്നും പതിയെ കരകയറുകയാണ് മണിമലയിലെ വ്യാപാരി സമൂഹം. അപ്രതീക്ഷിതമായെത്തിയ പ്രളയം മുക്കിക്കളഞ്ഞത് മണിമലയിലെ 250 ഓളം വ്യാപാര സ്ഥാപനങ്ങളെയാണ്. പ്രളയം വ്യാപാരികൾക്ക് സമ്മാനിച്ചത് ബാധ്യതകൾക്ക് മേൽ ബാധ്യതകളാണ്. കഴിഞ്ഞ ഒന്നര വർഷക്കാലമായി കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്നു വ്യാപാരികൾ. കോവിഡ് തീർത്ത വ്യാപാര-സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും നേരിയതായി കരകയറി തുടങ്ങിയപ്പോഴാണ് വീണ്ടും പ്രളയത്തിന്റെ രൂപത്തിൽ മറ്റൊരു ദുരിതമെത്തുന്നത്. വ്യാപാര മേഖലയിൽ മുഴുവനായി 10 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പലചരക്ക്, പഴം, പച്ചക്കറി വ്യാപരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. മെഡിക്കൽ സ്റ്റോറിലും ലേഡീസ് സ്റ്റോറിലും ബേക്കറികളിലും വെള്ളം കയറി. മണിമലയിലെ പെട്രോൾ പമ്പും മുങ്ങിയിരുന്നു. മൂങ്ങാനി മേഖലയിൽ മുഴുവൻ കടകളും മുങ്ങിയ സ്ഥിതിയിലായിരുന്നു.