കോട്ടയം: അതിരമ്പുഴയ്ക്കും അടിച്ചിറയ്ക്കും പിന്നാലെ ഭീതിയുണർത്തി കോട്ടയം മാന്നാനത്തും മോഷണസംഘമെന്നു നാട്ടുകാർ. മാന്നാനത്ത് വീടിനു പിന്നിലെ റബ്ബർ ഷെഡിൽ പതുങ്ങിയിരുന്നത് കുറുവ മോഷണ സംഘമാണെന്ന സംശയത്തിലാണ് നാട്ടുകാർ.
മാന്നാനം കുട്ടിപ്പടിക്ക് സമീപം പഴംപള്ളി സാബുവിന്റെ വീടിനോടു ചേർന്ന റബ്ബർ ഷെഡിലാണ് മൂന്നുപേരടങ്ങുന്ന മോഷ്ടാക്കൾ എന്ന് കരുതുന്ന സംഘം പതുങ്ങിയിരിക്കുന്നതായി നാട്ടുകാരിലൊരാളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മൂവർസംഘം അമലഗിരി ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മേഖലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് അതിരമ്പുഴയിലും അടിച്ചിറയിലും മോഷണശ്രമം ഉണ്ടായത്.
തുടർച്ചയായ ദിവസങ്ങളിൽ സമീപ പ്രദേശങ്ങളിൽ മോഷണശ്രമം ഉണ്ടാകുന്നതോടെ നാട്ടുകാർ ഭീതിയിലാണ്. കുറുവ മോഷണസംഘമാണെന്നു നാട്ടുകാർ പറയുമ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കുറുവ സംഘങ്ങൾ വെളുപ്പിനേയുള്ള സമയങ്ങളിലാണ് മോഷണം നടത്താറുള്ളത് എന്നതിനാൽ ഇത് മറ്റേതെങ്കിലും മോഷണ സംഘമാണോ എന്ന് സംശയമുള്ളതായും പോലീസ് പറഞ്ഞു.