കോട്ടയം: അതിരമ്പുഴ മേഖലയെ വിട്ടൊഴിയാതെ കുറുവ ഭീതി. അതിരമ്പുഴയിൽ അഞ്ചോളം വീടുകളുടെ പിൻഭാഗത്ത് വ്യത്യസ്ത അടയാളങ്ങൾ കണ്ടെത്തിയതോടെ ജനങ്ങൾ ഭീതിയിലാണ്. അതിരമ്പുഴയിലും സമീപ മേഖലകളിലുമായി നിരവധി വീടുകളിലാണ് ഇതിനോടകം മോഷണശ്രമം നടന്നിട്ടുള്ളത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് അതിരമ്പുഴ മറ്റം കവല നീർമ്മലക്കുന്നു റോയൽ സ്ട്രീറ്റ്റിൽ അഞ്ചോളം വീടുകളുടെ പിൻഭാഗത്ത് വ്യത്യസ്ത രീതിയിലുള്ള അടയാളങ്ങൾ കണ്ടെത്തിയത്. രാത്രി പുറത്തിറങ്ങിയ വീട്ടുകാരിലൊരാളാണ് അടുക്കളയോട് ചേർന്ന് വീടിന്റെ പിൻഭാഗത്ത് ഒരു അടയാളം കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം സമീപത്തെ വീടുകളിൽ വിവരമറിയിക്കുകയായിരുന്നു.
സമീപത്തെ വീട്ടുകാർ നടത്തിയ പരിശോധനയിൽ അഞ്ചോളം വീടുകളുടെ പിൻഭാഗത്ത് ഇത്തരത്തിൽ അടയാളങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. പകൽ സമയങ്ങളിൽ അപരിചിതരായ ആരെയും മേഖലയിൽ കണ്ടിരുന്നില്ല എന്ന് വീട്ടുകാർ പറഞ്ഞു. ഉച്ചക്ക് ശേഷം മഴ ശക്തമാകുന്നത്തോടെ ഇരുണ്ട കാലാവസ്ഥയാകുന്നതിനാൽ കുടുംബംഗങ്ങൾ വൈകുന്നേര സമയങ്ങളിൽ വീടിനുള്ളിൽ തന്നെയായിരിക്കും. ഈ സമയത്താണ് വീടിനു പിന്നിൽ അടയാളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന നിഗമനത്തിലാണ് വീട്ടുകാരും നാട്ടുകാരും.
ഇന്നലെ വരെ വീടിന്റെ പിൻഭാഗത്ത് ഇത്തരമൊരു അടയാളം ഉണ്ടായിരുന്നില്ല എന്നും ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് ഈ അടയാളങ്ങൾ കണ്ടെത്തിയതെന്നും വീട്ടുകാർ ഉറപ്പിച്ചു പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മോഷണശ്രമം നടന്ന വീടുകളും ഇപ്പോൾ അടയാളങ്ങൾ കണ്ടെത്തിയ വീടുകളും റെയിൽവേ സ്റ്റേഷനോടും റെയിൽവേ ട്രാക്കിനോടും സമീപമായാണ്. ട്രെയിൻ പോകുന്ന സമയത്തെ ശബ്ദത്തിനിടെ ആയിരിക്കാം മോഷ്ടക്കൾ കതകിന്റെ പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നത്.
മോഷണത്തിന് ശേഷം റെയിൽവേ ട്രാക്ക് വഴി എളുപ്പത്തിൽ രക്ഷപ്പെടാനും ട്രാക്കിന് സമീപമുള്ള കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കാനുമാകും ഇവർ ഇത്തരത്തിലുള്ള വീടുകളിൽ കേന്ദ്രീകരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. അതിരമ്പുഴ, ഏറ്റുമാനൂർ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ മോഷണശ്രമം നടന്നു കഴിഞ്ഞു. എന്നാൽ ഇതിനു പിന്നിൽ കുറുവ മോഷണ സംഘം തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. നിരവധി മേഖലകളിൽ സമാന അനുഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.