മുണ്ടക്കയം ഇളംകാട്ടിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി, സംഭവത്തിൽ ദുരൂഹത.


മുണ്ടക്കയം: മുണ്ടക്കയം ഇളംകാട്ടിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇളംകാട് പാലത്തിങ്കൽ വർക്കിയുടെ ഭാര്യ ലീലാമ്മ(65) ആണ് വീടിനു സമീപത്തെ ആറിന്റെ തീരത്തോട് ചേർന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.  

സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും പോലീസും പറഞ്ഞു. ഇളയമകൻ ബിപിനോ(27)ടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഉരുൾപൊട്ടലിലും തുടർന്നുണ്ടായ പ്രളയത്തിലും ഇവരുടെ വീടിന്റെ ആറിനോട് ചേർന്ന തിട്ടലിന്റെ ഭാഗം ഇടിഞ്ഞു വീണിരുന്നു.

ആറിന്റെ തീരത്തേക്ക് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിവരമറിഞ്ഞു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്ന് പോലീസ് പറഞ്ഞു.