മുണ്ടക്കയം: കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും തുടർന്നുണ്ടായ പ്രളയത്തിലും തകർന്ന പൂവഞ്ചി പാലത്തിനു പകരം മറുകര കടക്കാൻ താത്ക്കാലിക സംവിധാനമൊരുക്കി പ്രദേശവാസികൾ.
മേഖലയിൽ നിന്നും നൂറുകണക്കിനാളുകൾ ഇരുഭാഗത്തേക്കും യാത്ര ചെയ്യാൻ ആശ്രയിച്ചിരുന്നത് പൂവഞ്ചി പാലമായിരുന്നു. പ്രദേശത്തെ ജനങ്ങൾക്ക് യാത്ര സുഗമമാക്കിയിരിന്ന ഏക ആശ്രയമായിരുന്ന പാലമാണ് കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയത്. അധികം കാലപ്പഴക്കമില്ലാതിരുന്ന പൂവഞ്ചി പാലം അടുത്തകാലത്താണ് 10 ലക്ഷം രൂപയോളം മുടക്കി പുനർനിർമ്മിച്ചത് എന്നും നാട്ടുകാർ പറഞ്ഞു.
ഇപ്പോൾ മറുകരയെത്താനായി പ്രദേശവാസികളിൽ ചിലർ ഒത്തുചേർന്നാണ് താത്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികളും കൊച്ചു കുട്ടികളും സ്ത്രീകളും പ്രായമായവരും ഇപ്പോൾ ഈ താത്ക്കാലിക സംവിധാനമാണ് അക്കരയെത്താൻ ഉപയോഗിക്കുന്നത്. പ്രളയത്തിൽ തകർന്ന പാലം പുനർനിർമ്മിക്കുമ്പോൾ ഉയരം കൂട്ടി ബലവത്തായ രീതിയിൽ പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം: അൻഷാദ്.