നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചു, എരുമേലിയിൽ പോലീസും ഓട്ടോ ഡ്രൈവർമാരും തമ്മിൽ വാക്കേറ്റം, രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡ


എരുമേലി: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എരുമേലി നഗരത്തിൽ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ് റോഡിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചത് ഓട്ടോ ഡ്രൈവർമാരും പോലീസും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം.

എരുമേലി കവലയോട് ചേർന്ന് പ്രൈവറ്റ് ബസ്സ് സ്റാൻഡിലേക്കുള്ള റോഡിന്റെ ഒരു ഭാഗത്ത് നിലനിന്നിരുന്ന ഓട്ടോ സ്റ്റാൻഡ് ആണ് പോലീസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കാൻ എത്തിയത്. ഓട്ടോറിക്ഷകൾ റോഡിന്റെ വശത്തു നിന്നും മാറ്റണമെന്ന് പോലീസ് ആവശ്യപ്പെടുകയും സ്ഥലത്ത് നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഈ ഭാഗത്തെ ഏതാനും വ്യാപാരികളാണ് ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു ഉത്തരവ് നേടിയത്. ഉത്തരവ് നടപ്പിലാക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഓട്ടോ ഡ്രൈവർമാരും തമ്മിൽ വാക്കേറ്റമുണ്ടായി. നാളുകളായി എരുമേലിയിൽ റോഡിന്റെ വശങ്ങളിലാണ് ഓട്ടോ റിക്ഷാ സ്റ്റാൻഡ് നിലനിൽക്കുന്നത്. ഇതുവരെയും ഗ്രാമപഞ്ചായത്ത് പരിധിയിൽ ടാക്സി സ്റ്റാൻഡ് നിർമ്മിച്ചിട്ടില്ല. പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ് റോഡിൽ ഓട്ടോ സ്റ്റാൻഡ് അനുവദിച്ചിട്ടില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സ്ഥലത്തെ ഏതാനും വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചതും ഉത്തരവ് നേടിയെടുത്തതും. നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാർ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധ സമരം നടത്തി. സംഭവത്തിൽ രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം കാണുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി പറഞ്ഞു. നാളെ വിവിധ യൂണിയൻ നേതാക്കളും വ്യാപാരികളുമായി ചർച്ച നടത്തും.