പാലാ: പാലായിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. തോടനാൽ ഇലവനാംതൊടുകയിൽ രാജേഷിന്റെ ഭാര്യ ദൃശ്യ(26)യെ ആണ് വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. ദൃശ്യാ തീ കൊളുത്തിയ ശേഷം കിണറ്റിൽ ചാടിയതാകാം എന്നാണു കരുതുന്നതെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. എലപ്പാറ ചിന്നാർ സ്വദേശിനിയാണ് ദൃശ്യ.
ദൃശ്യയുടെ അമിതമായ ഫോൺ ഉപയോഗവും സമൂഹമാധ്യമ ഉപയോഗവും ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്. തുടർന്നു ഭർതൃ വീട്ടുകാർ ദൃശ്യയുടെ വീട്ടുകാരെ വിളിച്ചു വരുത്തുകയും കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി വീട്ടുകാർ മടങ്ങിപ്പോയതിനു ശേഷം ഉറങ്ങാൻ കിടന്ന ദൃശ്യയെ കാണാതാകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കിണറിനു സമീപത്തു നിന്നും ഒരു ടോർച്ച് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ദൃശ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും സഹോദരൻ മണി പോലീസിനോട് പറഞ്ഞു. ദൃശ്യയുടെ വീട്ടിൽ കാര്യങ്ങൾ സംസാരിച്ച ശേഷം ഏലപ്പാറയിലെ വീട്ടിൽ എത്തിയപ്പോഴേക്കും ദൃശ്യയെ കാണാനില്ല എന്ന് അറിയുകയായിരുന്നു എന്ന് സഹോദരൻ പറഞ്ഞു. സംഭവമറിഞ്ഞ തിരികെ പാലായിൽ എത്തിയപ്പോഴേക്കും സഹോദരിയുടെ മരണ വാർത്തയാണ് അറിയുന്നത് എന്നും സഹോദരൻ മണി പറഞ്ഞു. ദൃശ്യയുടെ ഭർത്താവും ഭർത്താവിന്റെ പിതാവും മദ്യപന്മാരാണെന്നും ഇവർ സഹോദരിയെ ഉപദ്രവിക്കാറുണ്ടെന്നും മണി ആരോപിച്ചു. സഹോദരിയുടെ മരണത്തിൽ മണി പാലാ പോലീസിൽ പരാതി നൽകി. മൃതദേഹം ഇന്ന് സ്വദേശമായ ഏലപ്പാറ ചിന്നാറിൽ സംസ്കരിക്കും.