പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രകൃതി ദുരന്തം: നഷ്ടപരിഹാരത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് ഗവർണ്ണർക്ക് നിവേദനം നൽകി.


കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലാകെ സംഭവിച്ച പ്രകൃതി ദുരന്ത നഷ്ടപരിഹാരത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിവേദനം നൽകി.

ശനിയാഴ്ച്ച കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് ഗവർണ്ണർ നിശ്ചയിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ച്ച ഉരുൾ പൊട്ടലുകളും മറ്റും വീണ്ടും ഉണ്ടായതിനാൽ സുരക്ഷാ കാരണങ്ങളാൽ സന്ദർശനം റദ്ദാക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ നേരിൽ കണ്ട് നിയോജകമണ്ഡലത്തിൽ സംഭവിച്ച  പ്രകൃതി ദുരന്തം സംബന്ധിച്ച കാര്യങ്ങൾ വിശദമായി ധരിപ്പിക്കുകയും അടിയന്തര കേന്ദ്രസഹായത്തിന് ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ച് നിവേദനം നൽകുകയും ചെയ്താതായി എംഎൽഎ പറഞ്ഞു.

ആൾനാശവും വീടും വീട്ടുപകരണങ്ങളും പൂർണ്ണമായും ഭാഗികമായും നശിച്ചതും, ഉപജീവനമാർഗങ്ങൾ നഷ്ടപ്പെട്ടതും, കച്ചവട സ്ഥാപനങ്ങൾ നശിച്ചതും, റോഡുകളും പാലങ്ങളും തകർന്നതും, ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടുകിടക്കുന്നതും, വാർത്താവിനിമയ ബന്ധങ്ങൾ തകർന്നതും, വൈദ്യുതി, ജലവിതരണ ബന്ധങ്ങൾ തകരാറിലായതും കൃഷിനാശവും ഉൾപ്പെടെ പ്രകൃതി ദുരന്തത്തിന്റെ  എല്ലാ ദുരിത സാഹചര്യങ്ങളും അദ്ദേഹത്തോട് വിശദീകരിച്ചതായും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ദുരന്തം സംബന്ധിച്ച് കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന്  ഇടപെടുമെന്നും കേന്ദ്ര ദുരന്ത നിവാരണ അതോരിറ്റി പ്രതിനിധികളോട് സ്ഥലം സന്ദർശിക്കുന്നതിന് നിർദ്ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചതായും എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.