രാത്രി പെട്രോളിംഗ് ശക്തമാക്കി, മോഷണശ്രമം നടത്തുന്നത് കുറുവ സംഘമെന്ന് സ്ഥിരീകരിച്ചിട്ടില്ല, അവശ്യഘട്ടങ്ങളിൽ പോലീസ് സഹായത്തിനെത്തും;ജില്ലാ പോലീസ് മേധാവി


കോട്ടയം: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കോട്ടയം കുറുവ ഭീതിയിലാണ്. മോഷണശ്രമം നടത്തുന്ന സംഘങ്ങളെ കോട്ടയത്തിന്റെ വിവിധ മേഖലകളിൽ കണ്ടതോടെ ജനങ്ങൾ ആശങ്കയിലാണ്. അതിരമ്പുഴ,അടിച്ചിറ,മാന്നാനം, ഏറ്റുമാനൂർ മേഖലകളിലാണ് നിലവിൽ മോഷണശ്രമങ്ങൾ നടന്നിരിക്കുന്നത്.

 

ശനിയാഴ്ച്ച പുലർച്ചയാണ് കോട്ടയം അതിരമ്പുഴയിൽ കുറുവ സംഘങ്ങൾ എന്ന് കരുതുന്ന സംഘത്തിന്റെ മോഷണശ്രമം ഉണ്ടായത്. തുടർന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി സമയങ്ങളിൽ വിവിധ മേഖലകളിൽ സംശയാസ്പദമായ രീതിയിൽ പലരെയും കണ്ടതും നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെട്ടതും സംശയത്തിന് ബലം കൂട്ടുന്നു.

മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ വീണ്ടും മോഷണശ്രമം തുടരുന്ന സാഹചര്യത്തിൽ മേഖലകളിൽ രാത്രി പെട്രോളിംഗ് കൂടുതൽ ശക്തമാക്കിയതായും മൊബൈൽ പെട്രോളിങ് യൂണിറ്റിനെ നിയമിച്ചതായും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും മോഷണശ്രമങ്ങൾ നടത്തുന്നത് കുറുവ സംഘമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ആശങ്കപ്പെടേണ്ടതായോ ഭയപ്പെടേണ്ടതായതോ ആയ സാഹചര്യമില്ല എന്നും അവശ്യഘട്ടങ്ങളിൽ പോലീസ് സഹായത്തിനെത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.