ശബരിമല: കനത്ത മഴയെ തുടർന്ന് അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതോടെ പമ്പ ത്രിവേണിയിൽ വെള്ളം കയറിയതിനാൽ താത്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന തീർത്ഥാടകരെ നിയന്ത്രിതമായി സന്നിധാനത്തേക്ക് കടത്തി വിട്ടു തുടങ്ങി.
ത്രിവേണിയിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് തീർത്ഥാടകർക്ക് നിയന്ത്രണങ്ങളോടെ കയറ്റി വിടാൻ ആരംഭിച്ചത്. പമ്പയിലെ ജലനിരപ്പ് അനുസരിച്ചാണ് തീർത്ഥാടകരെ കയറ്റി വിടുന്നത്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാം ഇന്ന് ഉച്ചയോടെ തുറന്നു.
പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്സ് മുതല്‍ പരമാവധി 100 കുമക്സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുന്നതിനാണ് ഉത്തരവിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടുതുടങ്ങിയ ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയില്‍ എത്തും. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ് എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കില്‍ അധികൃതര്‍ ആവിശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണ്.