കോട്ടയം: സാക്ഷരതാ പരീക്ഷയിൽ 100 ൽ 89 മാർക്ക് നേടി വിസ്മയിപ്പിച്ചിരിക്കുകയാണ് അയർക്കുന്നം സ്വദേശിനിയും 104 വയസ്സുകാരിയുമായ കുട്ടിയമ്മ. കോട്ടയം അയർക്കുന്നം പഞ്ചായത്തിൽ നടത്തിയ സാക്ഷരതാ പരീക്ഷയിലാണ് ആരെയും വിസ്മയിപ്പിക്കുന്ന ഈ നേട്ടം കുട്ടിയമ്മ സ്വന്തമാക്കിയത്.
പഠനത്തിനും അറിവ് നേടാനും പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് കുട്ടിയമ്മ. ചെവിക്കു അൽപ്പം കേൾവിക്കുറവുണ്ടെങ്കിലും പഠിച്ച കാര്യങ്ങൾ മനസ്സിലുറപ്പിച്ചിരുന്നു കുട്ടിയമ്മ. പരീക്ഷയിൽ ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ ശരവേഗത്തിലായിരുന്നു. മലയാളവും കണക്കും പൊതുവിജ്ഞാനവും ഉൾപ്പടെ ഉത്തരങ്ങളാൽ കുട്ടിയമ്മ വിസ്മയിപ്പിക്കുകയായിരുന്നു.
ഇതോടെ നാലാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതാനുള്ള യോഗ്യതയും കുട്ടിയമ്മ സ്വന്തമാക്കി. കുട്ടിയമ്മയുടെ നേട്ടത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. സ്‌കൂളിൽ പോയിട്ടില്ലാത്ത കുട്ടിയമ്മ പതിനാറാം വയസ്സിലാണ് വിവാഹിതയായത്. അക്ഷരങ്ങൾ വായിക്കാൻ അറിയാമായിരുന്നെങ്കിലും എഴുതാൻ സാധ്യമായിരുന്നില്ല. സാക്ഷരതാ പ്രേരക രാവിലെയും വൈകിട്ടും വീട്ടിലെത്തിയാണ് പഠനം സാധ്യമാക്കിയത്.
മാർക്ക് വിവരം അറിഞ്ഞതോടെ പല്ലില്ലാത്ത മോണകാട്ടിയുള്ള കുട്ടിയമ്മയുടെ ചിരിയാണ് ഏവരെയും ആകർഷിച്ചത്. ഈ ചിരിയാണ് തനിക്കുള്ള പ്രതിഫലമെന്നു സാക്ഷരതാ പ്രേരക രഹ്‌ന പറയുന്നു. സാക്ഷരതാ പരീക്ഷ എഴുതുന്നതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കുട്ടിയമ്മ. കോട്ടയം ജില്ലയിൽ ഇത്തവണ 509 പേരാണ് പരീക്ഷ എഴുതിയത്.
ചിത്രം: റിജോ ജോസഫ്,അനീഷ് ആനിക്കാട്.