സിൽവർ ലൈൻ വേഗ റെയിൽ: കോട്ടയം ജില്ലയിൽ അതിര് രേഖപ്പെടുത്തൽ ഉടൻ ആരംഭിക്കും, ജില്ലയിൽ പാത കടന്നു പോകുന്നത് 16 വില്ലേജുകളിലൂടെ.


തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ പദ്ധതിയിൽ കോട്ടയം ജില്ലയിൽ പാത കടന്നു പോകുന്ന മേഖലകളിൽ അതിര് രേഖപ്പെടുത്തൽ ഉടൻ ആരംഭിക്കും.

പാത കടന്നു പോകുന്ന ജില്ലകളിലെ സാമൂഹിക ആഘാത പഠനം നടത്തുന്നതിനായി ഏജൻസികൾക്കായി ടെണ്ടർ നടപടികൾ ആരംഭിച്ചു. 3 മാസത്തിനകം സർവ്വേ പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. അതിവേഗ റെയിൽ പാത കോട്ടയം ജില്ലയിലെ 16 വില്ലേജുകളിലൂടെയാണ് കടന്നു പോകുന്നത്. വിദേശ വായ്പയ്ക്കുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിയുമായി മുൻപോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 64000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 33700 കോടി രൂപയാണ് വിദേശ വായ്പ സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനങ്ങൾ ആരംഭിക്കും. കോട്ടയം ജില്ലയിലെ മാടപ്പള്ളി,തോട്ടയ്ക്കാട്, വാകത്താനം,പുതുപ്പള്ളി, പനച്ചിക്കാട്,വിജയപുരം,നാട്ടകം, മുട്ടമ്പലം, പെരുമ്പായിക്കാട്, പേരൂർ.ഏറ്റുമാനൂർ, കാണക്കാരി,ഞീഴൂർ, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം എന്നീ വില്ലേജുകളിലൂടെയാണ് പാത കടന്നു പോകുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ പ്രോജക്ടായ സിൽവർ ലൈനിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 33,700 കോടി രൂപ കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പു മുഖാന്തിരം ജി.ഐ.സി.എ, എഡിബി, എഐ ഐ ബി, കെ.എഫ്.ഡബ്‌ള്യൂ എന്നീ ഏജന്‍സികളില്‍ നിന്ന് ലോണായി കണ്ടെത്താനാണ് പ്രൊപ്പോസൽ. 63,941 കോടി രൂപയുടെ പ്രോജക്ടാണ് സിൽവർ ലൈൻ. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്ര വിഹിതം. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടര്‍ ഭൂമിയും റെയില്‍വേയുടേതാണ്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. 13,362 കോടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വരും. ഇത് ഹഡ്‌കോയും  കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കും. ബാക്കിയുള്ള തുക റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, പബ്ലിക് എന്നിങ്ങനെ ഇക്വിറ്റി വഴി കണ്ടെത്തും. പ്രോജക്ടിന് റെയില്‍വേ മന്ത്രാലയം പ്രാഥമിക അംഗീകാരം (Approval in principle) നല്‍കുകയും അന്തിമ അനുമതിക്കായി ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട്  ഭൂമി ഏറ്റെടുക്കലിന് പ്രാരംഭ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കായി കോട്ടയം ഉൾപ്പടെ 11 ജില്ലകളിലായി ഏറ്റെടുക്കുന്നത് 955 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്കായി കോട്ടയം ജില്ലയിൽ മാത്രം ഏറ്റെടുക്കുന്നത് 108.11 ഹെക്ടർ ഭൂമിയാണ്.