വൈക്കം-വെച്ചൂർ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കും; പൊതുമരാമത്ത് വകുപ്പ് മന്ത്രി.


വൈക്കം: വൈക്കം-വെച്ചൂർ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കുണ്ടും കുഴിയുമായി കിടക്കുന്ന വൈക്കം-വെച്ചൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിയുമായി വൈക്കത്ത് എംഎൽഎ യുടെ നേതൃത്വത്തിൽ എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തി.  വൈക്കം പിഡബ്ല്യുഡി റസ്റ്റ്ഹൗസിൽ വച്ച് നടന്ന ചർച്ചയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കൊപ്പം ഒപ്പമുണ്ടായിരുന്നു.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഉടൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. വൈക്കം എംഎൽഎ സി.കെ ആശ, എൽഡിഎഫ് വൈക്കം മണ്ഡലം കൺവീനർ പി സുഗതൻ, സിപിഐഎം ഏരിയ സെക്രട്ടറി കെ അരുണൻ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. വൈക്കം- വെച്ചൂർ റോഡിലെ ചേരുംചുവട് പാലം ജംഗ്ഷൻ മുതൽ റോഡിലെ പ്രധാന കവലകളും വളവുകളുമടക്കം തകർന്ന് റോഡ് യാത്രക്കാർക്ക് വലിയ  അപകട കെണിയായി മാറിയിരിക്കുകയാണ്. റോഡിലെ തോട്ടകം ഗവൺമെന്റ് എൽപി സ്കൂളിനു സമീത്തെ വളവ്, ഉല്ലല, പുത്തൻപാലം, ഇടയാഴം ജംഗ്ഷൻ, ബണ്ട് റോഡ്, ചേരകുളങ്ങര ജംഗ്ഷൻ, തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ പരിധിയിലെ ഭാഗം തുടങ്ങിയ സ്ഥലങ്ങൾ വലിയ കുഴികൾ രൂപപ്പെട്ട് തകർന്നതോടെ കാൽനട പോലും ദുഷ്കരമായിരിക്കുകയാണ്. ഇടയാഴം ജംഗ്ഷനിൽ വാഹനങ്ങൾക്ക് പോലും കടന്നു പോകാനാകാത്ത തരത്തിൽ വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ കനത്തതോടെ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ട്  വാഹന ഗതാഗതവും കാൽനടയും പ്രതിസന്ധിയിലായിരിക്കുകയാണ്. കോട്ടയം,എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് നൂറു കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന  റോഡിലൂടെ കുമരകം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും നിരവധി വാഹനങ്ങളാണെത്തുന്നത്.