കോട്ടയം: സംസ്ഥാനത്ത് പച്ചക്കറികൾക്ക് വില വർധിക്കുന്നു. ഇന്ധന വില വർധനയും കനത്ത മഴയിലെ കൃഷി നാശവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തക്കാളി,മുരിങ്ങക്കായ,പയർ, പാവക്കായ,വെണ്ടക്കായ തുടങ്ങിയ പച്ചക്കറികൾക്കാണ് വില വർധിച്ചിരിക്കുന്നത്.
മറ്റിനങ്ങൾക്കും 10 രൂപ മുതൽ 30 രൂപ വരെ വർധിച്ചതായി ഉപഭോക്താക്കളും പറയുന്നു. എല്ലാ പച്ചക്കറികൾക്കും വില ഉയർന്നതായി വ്യാപാരികൾ പറയുന്നു. കേരളത്തിലെ പച്ചക്കറി മാർക്കറ്റുകളിൽ ഭൂരിഭാഗവും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളാണ് ലഭിക്കുന്നത്. തമിഴ്‌നാട്,കർണ്ണാടക സംസ്ഥാനങ്ങളിൽ കനത്ത മഴയിൽ കൃഷി നാശം സംഭവിച്ചതാണ് വില ഇപ്പോൾ ഇത്രയും ഉയരാൻ കാരണം. സർക്കാർ സംവിധാനങ്ങൾ കൃത്യമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുണ്ടെന്ന് മൊത്തവ്യാപാരികൾ പറയുന്നു. വില ഉയർന്നതോടെ സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റ് താളം തെറ്റിയിരിക്കുകയാണ്. പച്ചക്കറി വാങ്ങാനിറങ്ങിയാൽ കീശ കാലിയാകുന്നത് അറിയില്ലെന്ന് ചിലർ പ്രതികരിച്ചു.