കോട്ടയം: കന്യാകുമാരി മുതൽ കാശ്മീർ വരെയും തിരിച്ചും നടന്നു യാത്ര ചെയ്യുന്ന അപൂർവ്വ വോക്കിങ് ഇന്ത്യൻ കപ്പിളാകാനൊരുങ്ങുകയാണ് കോട്ടയം സ്വദേശികളായ ബെന്നിയും മോളിയും.
കോട്ടയം പള്ളിക്കത്തോട് സ്വദേശികളായ കൊട്ടാരത്തിൽ ബെന്നിയും(54) ഭാര്യ മോളി(45)യുമാണ് അപൂർവ്വ നടപ്പ് യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്ന് രാവിലെ പള്ളിക്കത്തോട്ടിലെ വീട്ടിൽ നിന്നും ഇവർ യാത്ര തിരിച്ചു. വൈകുന്നേരം ട്രെയിനിൽ കന്യാകുമാരിയിൽ എത്തിയ ശേഷം നാളെ രാവിലെ ഇവരുടെ നടപ്പ് യാത്ര ആരംഭിക്കും. കന്യാകുമാരിയിൽ നിന്നും നാളെ ഡിസംബർ ഒന്നിന് ഇവരുടെ യാത്രയുടെ ആദ്യ ഘട്ടം ആരംഭിക്കും.
ഏകദേശം എട്ടു മാസങ്ങളോളം സമയം ഈ യാത്രയ്ക്കായി എടുക്കുമെന്നാണ് കരുതുന്നതെന്ന് ബെന്നി പറഞ്ഞു. തങ്ങളെപ്പോലെ കുട്ടികളില്ലാതെ വിഷമമനുഭവിക്കുന്ന ദമ്പതികൾ പരസ്പരം താങ്ങും തണലുമായി മുന്നോട്ട് ജീവിക്കുന്നതിനുള്ള പ്രചോദനമാണ് തന്റെ ഈ യാത്രയിലൂടെ നൽകാൻ ശ്രമിക്കുന്നത് എന്ന് ബെന്നി പറഞ്ഞു. മുൻപും ബെന്നി ഇത്തരം സാഹസിക യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഭാര്യ മോളിക്കൊപ്പം യാത്ര തുടങ്ങുന്നത്.
2019 ൽ 58 ദിവസം നീണ്ട കേരളാ കാശ്മീർ സൈക്കിൾ യാത്രയും 2021 ൽ 68 ദിവസം നീണ്ട ഇന്ത്യ-നേപ്പാൾ-ഭൂട്ടാൻ സൈക്കിൾ യാത്രയും ബെന്നി പൂർത്തീകരിച്ചു. നാളെ കന്യാകുമാരിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ചുറ്റി കാശ്മീരിൽ എത്തി അവിടെ നിന്നും ഇന്ത്യയുടെ കിഴക്കൻ തീരം ചുറ്റി കന്യാകുമാരിയിൽ എത്തി യാത്ര അവസാനിപ്പിക്കും.
യാത്രയുടെ വിവരണങ്ങൾ ബെന്നിയുടെ യൂട്യൂബ് ചാനലായ വോക്കിങ് ഇന്ത്യൻ കപ്പിൾ എന്നതിൽ ലഭ്യമാകും. സ്വർണം പണയം വെച്ച് കണ്ടെത്തിയ തുകയാണ് യാത്രാ ചെലവിനായി ഉപയോഗിക്കുന്നത്. ടെൻറു കെട്ടിയും പെട്രോൾ പമ്പുകളിലും പോലീസ് സ്റ്റേഷനുകളിലും ആരാധനാലയങ്ങളിലും രാത്രി അന്തിയുറങ്ങിയായിരിക്കും യാത്ര.