കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം നാളെ ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നടക്കും. അസമത്വങ്ങൾ ഇല്ലാതാക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം എന്ന സന്ദേശത്തിലൂന്നിയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും.
അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സന്ധ്യ മനോജ് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങിൽ സംസ്ഥാന തല ഹ്രസ്വചിത്ര മത്സരത്തിലെ ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ കോളജ് വിദ്യാർഥികളെ ചീഫ് വിപ്പ് ആദരിക്കും. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ഗാന്ധി സ്ക്വയറിൽ ഇന്ന് സ്നേഹദീപം തെളിയിക്കും.
അസംപ്ഷൻ കോളജ് മാനേജർ ഫാ. തോമസ് പാടിയേത്ത് , ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.പി.എൻ. വിദ്യാധരൻ, ഡോ.ടി. അനിതാ കുമാരി, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, നഗരസഭാംഗം ബീന ജോബ്, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. അനിതാ ജോസ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി സിസ്റ്റർ ശാലിനി, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, വിവിധ സന്നദ്ധ സംഘടന, രക്തദാന ഫോറം പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ദിനാചരണത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 10 മുതൽ കോളജ് ഓഡിറ്റോറിയത്തിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 11.30 ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ തെരുവ് നാടകം അവതരിപ്പിക്കും. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആറിന് ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന സ്നേഹദീപം തെളിക്കൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ഫ്ളാഷ് മോബും തെരുവ് നാടകവും
ജില്ലയിലെ വിവിധ കോളജുകളിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ എയ്ഡ്സ് ദിന പ്രചാരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ഫ്‌ളാഷ് മോബും തെരുവു നാടകവും അവതരിപ്പിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം റെയിൽവേ സ്റ്റേഷനിലും വൈകിട്ട് 5.30 ന് ഗാന്ധി സ്‌ക്വയറിലും രാമപുരം മാർ അഗസ്തിനോസ് കോളജ് വിദ്യാർഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും. ഗാന്ധി സ്‌ക്വയറിൽ ബി.സി.എം. കോളജ് വിദ്യാർഥികളുടെ തെരുവു നാടകം അരങ്ങേറും. നാളെ രാവിലെ 10.30 ന് കോട്ടയം റെയിൽവേ സ്റ്റേഷനിലും 11.30 ന് നാഗമ്പടം ബസ് സ്റ്റാൻഡിലും മാന്നാനം കെ.ഇ. കോളജ് വിദ്യാർഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും. ഉച്ചയ്ക്ക് 12ന് നാഗമ്പടം ബസ് സ്റ്റാൻഡിൽ ബി.സി.എം. കോളജ് വിദ്യാർഥികൾ തെരുവു നാടകം അവതരിപ്പിക്കും.
ഫയൽ ചിത്രം.