കോട്ടയം: രാജ്യത്തെ മികച്ച രണ്ടാമത്തെ ക്ഷീരകർഷകയ്ക്കുള്ള ഗോപാൽ രത്ന അവാർഡ് കരസ്ഥമാക്കി കോട്ടയം കുറവിലങ്ങാട് സ്വദേശിനി. കുറവിലങ്ങാട് കുര്യനാട് ഇടത്തനാൽ സണ്ണി ഏബ്രഹാമിന്റെ ഭാര്യ രശ്മിയാണ് പുരസ്കാരത്തിനു അർഹയായത്.
അപൂർവമായ നാടൻ കന്നുകാലി ഇനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഗോപാൽരത്ന പുരസ്കാരമാണ് രശ്മിയെ തേടി എത്തിയത്. 3 ലക്ഷം രൂപയാണ് അവാർഡ് തുക. ഒന്നാം സ്ഥാനം ജയ്പുർ സ്വദേശി സുരന്ദ്ര അവാന കരസ്ഥമാക്കി. കുര്യനാട്ടെ ഫാമിൽ 18 സങ്കരയിനം പശുക്കളാണുള്ളത്. നാടൻ പശുക്കളുടെ 17 ഇനങ്ങളിലായി നാല്പതോളം പശുക്കളാണ് രശ്മിക്കുള്ളത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയമാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്. പൂർണ്ണ പിന്തുണയുമായി ഭർത്താവ് സണ്ണിയും രശ്മിക്കൊപ്പമുണ്ട്. താർപാർക്കർ, സഹിവാൾ, ഗിർ, രാഖി തുടങ്ങിയ ഉത്തരേന്ത്യൻ ഇനങ്ങളും ഇവരുടെ ഫാമിലുണ്ട്. വിവിധ കൃഷികളും മത്സ്യ കൃഷിയും ഇവർക്കുണ്ട്. പശുക്കൾക്കൊപ്പം ആടുകളും കോഴികളും ഗിനിക്കോഴികളും ഇവരുടെ ഫാമിലുണ്ട്.