പൊൻകുന്നത്ത് ദേശീയ പാതയിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.


പൊൻകുന്നം: പൊൻകുന്നത്ത് ദേശീയ പാതയിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. പള്ളിക്കത്തോട് കൂരോപ്പട സ്വദേശിനി കൂവപ്പൊയ്ക മാക്കൽ സന്തോഷിൻ്റെ ഭാര്യ അമ്പിളി(43) ആണ് മരിച്ചത്.

 

ദേശീയപാതയിൽ പൊൻകുന്നം കാഞ്ഞിരപ്പള്ളി റോഡിൽ പൊൻകുന്നം കെവിഎംഎസ് ജംങ്ഷനിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിയായ അമ്പിളി രാവിലെ വീട്ടിൽ നിന്നും ജോലിക്കായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

കെവിഎംഎസ് ജംക്ഷനിൽ നിന്നും വലത്തേക്ക് തിരിയുന്നതിനിടെ അമ്പിളി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അമ്പിളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്തു വെച്ചുതന്നെ അമ്പിളിയുടെ മരണം സംഭവിച്ചിരുന്നു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സ്ഥിരമായി ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുന്ന മേഖലയാണ് പൊൻകുന്നം കെവിഎംഎസ് ജംക്ഷൻ.