വൈക്കത്തെ ഫുഡി വീൽസ് റെസ്റ്റോറന്റിലെ പോരായ്മകൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി;സി കെ ആശ.


വൈക്കം: വൈക്കത്തെ ഫുഡി വീൽസ് റെസ്റ്റോറന്റിലെ പോരായ്മകൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാതായി വൈക്കം എംഎൽഎ സി കെ ആശ പറഞ്ഞു. അഷ്ടമി കാലത്ത് വൈക്കത്തിന് ലഭിച്ച ഒരു സമ്മാനമാണ് കെടിഡിസിയുടെ ഫുഡീ വീൽസ് എന്ന റസ്റ്റോറന്റ്.

 

വൈക്കത്തുകാർ വളരെ കൗതുകത്തോടെയും  ആവേശപൂർവവുമാണ് അത് സ്വാഗതം ചെയ്തത് എംഎൽഎ പറഞ്ഞു. ഉദ്ഘാടനം ചെയ്യപ്പെട്ട അന്നുമുതൽ അഭൂതപൂർവ്വമായ തിരക്കാണ് റസ്റ്റോറന്റിൽ അനുഭവപ്പെട്ടത്. പ്രതിദിനം ഏകദേശം ഒരു ലക്ഷം രൂപയുടെ വരുമാനം അഷ്ട്ടമി ദിവസങ്ങളിൽ ലഭിച്ചു എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും അറിഞ്ഞത് എന്നും സി കെ ആശ പറഞ്ഞു.

പലപ്പോഴും റസ്റ്റോറന്റിൽ വന്നവർക്ക് ആവശ്യമായ ഭക്ഷണം നൽകുവാനോ ആവശ്യമായ ശ്രദ്ധ കൊടുക്കുവാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല എന്ന പരാതി നിരവധിപേർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി എംഎൽഎ പറഞ്ഞു. ഒരുപക്ഷേ അഷ്ടമി കാലമായതിനാൽ ഉണ്ടായ തിരക്കായിരിക്കാം അപ്രകാരം സംഭവിക്കാൻ കാരണം എന്നു കരുതുന്നു എന്നും അതിന് പുറമേ ഭക്ഷ്യവസ്തുക്കൾക്ക് മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ചു വില കൂടുതലാണെന്ന പരാതിയും നിരവധിപേർ ഉന്നയിച്ചിരുന്നതായും എംഎൽഎ പറഞ്ഞു.

ഈ വിഷയങ്ങളെല്ലാം വളരെ ഗൗരവത്തോടെ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി എംഎൽഎ സി കെ ആശ പറഞ്ഞു. ഉടൻതന്നെ അടിയന്തരമായി ഈ പരാതികൾക്ക് പരിഹാരം ഉണ്ടാകണമെന്ന കർശന നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. സർവീസ് ചെയ്യുന്നവർക്ക് ആവശ്യമായ ട്രെയിനിങ് അടക്കം നൽകി കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഇത്തരം സംവിധാനങ്ങളെ ഉയർത്തണം എന്നതാണ് ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.