പൊൻകുന്നം: പൊൻകുന്നത്ത് വാഹനാപകടത്തിൽ മരിച്ച കൂരോപ്പട സ്വദേശിനി കൂവപ്പൊയ്കയിൽ കൃഷ്ണവിലാസം സന്തോഷിന്റെ ഭാര്യ അമ്പിളി(43)യുടെ സംസ്കാരം ഇന്ന് രാത്രി നടക്കും. ഇന്ന് രാത്രി 8 മണിക്ക് കൂവപ്പൊയ്കയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്.
ഇന്ന് രാവിലെയാണ് ദേശീയ പാതയിൽ പൊൻകുന്നം-കാഞ്ഞിരപ്പളളി റോഡിൽ കെവിഎംഎസ് ജംക്ഷനിൽ അമ്പിളി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ലോറി അമ്പിളിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു.
പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിയായ അമ്പിളി രാവിലെ ആശുപത്രിയിലേക്ക് ജോലിക്ക് കയറുന്നതിനായി വീട്ടിൽ നിന്നും വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കെവിഎംഎസ് ജംക്ഷനിൽ നിന്നും വലത്തേക്ക് തിരിയുന്നതിനിടെ പിന്നാലെയെത്തിയ ലോറി അമ്പിളിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
പൊൻകുന്നം പോലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതും ശരീരാവശിഷ്ടങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തത്. കൊല്ലം അസീസി മെഡിക്കൽ കോളജിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായ ശിൽപ്പ, പാമ്പാടി കെ ജി കോളജിൽ ബിരുദ വിദ്യാർത്ഥിനി അപർണ്ണ എന്നിവരാണ് മക്കൾ.