കോട്ടയം: എയ്ഡ്സ്, കോവിഡ് പോലെയുള്ള മഹാമാരികളെ നേരിടാന്‍ തക്ക രോഗപ്രതിരോധ ശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ വ്യായാമ-ആരോഗ്യ പരിപാലന സംവിധാനങ്ങൾക്കും പദ്ധതികള്‍ക്കും കൂടുതൽ ഊന്നല്‍ നൽകണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് പറഞ്ഞു.
ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എയ്ഡ്‌സ് ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊർജ്ജിതമാക്കണം. രക്തദാനത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ് രക്തദാനത്തിന്റെ സന്ദേശവാഹകരായി പുതുതലമുറ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. അധ്യക്ഷനായി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സന്ധ്യ മനോജ് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അസംപ്ഷന്‍ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച 'മനോമി' വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ചിത്ര നിർമ്മാണത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികളെ ചീഫ് വിപ്പ് ചടങ്ങില്‍ ആദരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പി.എന്‍. വിദ്യാധരന്‍, ജില്ലാ എയ്ഡ്‌സ് കൺട്രോള്‍ ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, നഗരസഭാംഗം ബീന ജോബ്, പ്രിന്‍സിപ്പല്‍ ഡോ. അനിതാ ജോസ്, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി സിസ്റ്റര്‍ ശാലിനി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറല്‍ കൺവീനര്‍ ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സദ്ധ രക്തദാന ക്യാമ്പില്‍ 65 വിദ്യാര്‍ത്ഥിനികള്‍ രക്തദാനം നടത്തി. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾ തെരുവുനാടകവും അവതരിപ്പിച്ചു.