സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ചു, ക്രമീകരണങ്ങൾ ആരോഗ്യ മന്ത്രി വിലയിരുത്തി, മികച്ച പ്രതികരണമെന്ന് വിദ്യാഭ്യാസ മന


തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ചു. ഇന്ന് രാവിലെ 9 മണി മുതല്‍ വാക്സിൻ വിതരണം ആരംഭിച്ചു. കോട്ടയം ജില്ലയിൽ 23 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം ചെയ്യുന്നത്.

 

 15 മുതല്‍ 18 വയസുവരെയുള്ളവർക്കാണ് വാക്സിൻ വിതരണം ചെയ്യുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്.

ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച കൗമാരക്കാരുടെ വാക്സിൻ വിതരണം ആരോഗ്യ മന്ത്രി വീണാ ജോർജ് വിലയിരുത്തി.

വാക്സിൻ സ്വീകരിക്കുന്നതിൽ മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നുണ്ടായിരിക്കുന്നതെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.കോവിഡ് വന്നിട്ടുള്ള കുട്ടികള്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ആധാര്‍ കാര്‍ഡോ, ആധാറില്ലെങ്കില്‍ സ്‌കൂള്‍ ഐഡി കാര്‍ഡോ മറക്കാതെ കൊണ്ട് വരേണ്ടതാണ്. രജിസ്‌ട്രേഷന്‍ ചെയ്ത സമയത്തെ ഫോണ്‍ നമ്പരും കരുതണം. കോവാക്‌സിന്‍ ആണ് നൽകുന്നത്. വാക്‌സിന്റെ ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നു ആരോഗ്യ മന്ത്രി പറഞ്ഞു. 65,000ത്തോളം ഡോസ് കോ വാക്‌സിന്‍ സംസ്ഥാനത്ത് ലഭ്യമാണ്. കുട്ടികളുടെ വാക്‌സിനേഷനായി 5 ലക്ഷത്തോളം ഡോസ് കോവാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചുവെങ്കിലും ഇന്ന് രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. ജനുവരി 10 വരെ ബുധനാ‍ഴ്‌ച ഒ‍ഴികെയുള്ള ആറ് ദിവസങ്ങളിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ രാവിലെ 9 മണിമുതൽ അഞ്ച് മണിവരെ പ്രവർത്തിക്കും.