എരുമേലി: മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു എരുമേലിയിൽ എത്തുന്ന ശബരിമല തീർത്ഥാടകരുടെ തിരക്ക് വർധിച്ചിരിക്കെ കാലങ്ങളായി തീർത്ഥാടകർ ആശ്രയിച്ചിരുന്ന ഓരുങ്കൽ കടവിലെ ശുചിമുറി കേന്ദ്രം തകർന്നു കിടക്കുന്നതിനാൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുകയാണ് തീർത്ഥാടകർ.
മാസങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിലാണ് എരുമേലി ഓരുങ്കൽക്കടവിലെ ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം തകർന്നത്. ശബരിമല സീസണിൽ മാത്രം പ്രവർത്തിച്ചിരുന്ന ശുചിമുറി കേന്ദ്രം ലക്ഷങ്ങൾ ചെലവഴിച്ചു ആണ് മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതി പ്രകാരം നവീകരിച്ചത്.
പ്രളയത്തിൽ കേന്ദ്രം തകർന്നതറിയാതെ ഓരുങ്കൽ കടവിൽ എത്തുന്ന തീർത്ഥാടകർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുകയാണ്. എരുമേലിയിൽ പേട്ട തുള്ളിയതിനു ശേഷം കുളിക്കാനും തുണികൾ അലക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുമായി വർഷങ്ങളായി ഓരുങ്കൽ കടവിൽ എത്തിക്കൊണ്ടിരിക്കുന്നു തീർത്ഥാടകർ ഇപ്പോൾ ഇവിടെ എത്തുമ്പോൾ മാത്രമാണ് ദുരവസ്ഥ മനസിലാക്കുന്നത്.
ഇതോടെ ആറിന്റെ തീർത്തും സമീപ പറമ്പുകളിലും തീർത്ഥാടകർ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നത് നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടു തിരക്ക് വർധിച്ചതോടെ പ്രതിദിനം നിരവധിപ്പേരാണ് ഓരുങ്കൽ കടവിൽ എത്തുന്നത്. മുൻവർഷങ്ങളിൽ സ്വകാര്യ വ്യക്തികൾ ശുചിമുറി കേന്ദ്രം നടത്തിയിരുന്നെങ്കിലും ഈ വർഷം പ്രവർത്തിക്കുന്നില്ല. രണ്ടു ലക്ഷത്തോളം രൂപ ചെലവിട്ടാണ് പഴയ കെട്ടിടം നവീകരിച്ചു ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം സജ്ജമാക്കിയത്. താത്കാലികമായെങ്കിലും ശുചിമുറി സൗകര്യങ്ങൾ സജ്ജമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.