എരുമേലി: ശബരിമല തീര്‍ഥാടന കേന്ദ്രമായ എരുമേലിയില്‍ മാലിന്യം നീക്കം പ്രതിസന്ധിയിലാകുന്നു. എരുമേലി ക്ഷേത്ര കവാടത്തിന് മുന്‍പിലായി മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുകയാണ്.
ക്ഷേത്ര പരിസരത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ആയിരകണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ക്ഷേത്ര കവാടത്തിന് മുന്‍പില്‍ മാലിന്യം കുന്നു കൂട്ടിയിട്ടിരിക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.
വാഹനത്തില്‍ പഞ്ചായത്താണ് മാലിന്യങ്ങള്‍ നീക്കം ചെയേണ്ടത്. കടകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ഉള്‍പ്പെടെയാണ് കൂട്ടിയിട്ടിരിക്കുന്നത്. വിശുദ്ധി സേന അംഗങ്ങളാണ് ടൗണിലെ മാലിന്യം വൃത്തിയാക്കുന്നത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും മലമൂത്ര വിസര്‍ജനം ഉള്‍പ്പെടെ നടത്തുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.
രാത്രിയില്‍ പാതയോരങ്ങളിലാണ് മലവിസര്‍ജനം നടത്തുന്നത്. ക്ഷേത്രത്തിന്റെ മുന്‍പിലായി ഭക്തര്‍ കുളിക്കുന്ന തോട്ടിലെ വെള്ളവും മലിനമായി മാറി. സിന്ദൂരവും സോപ്പും എണ്ണയും ചെളിയും കലര്‍ന്ന് മലിനജലത്തിലാണ് ഭക്തര്‍ കുളിക്കുന്നത്. തീര്‍ഥാടന കേന്ദ്രത്തില്‍ ശുചീകരണത്തിനായി നടത്തുന്ന പദ്ധതികള്‍ പ്രഹസനമായി മാറുന്നുവെന്ന് ആക്ഷേപമുയരുന്നു.