നെടുംകുന്നം: നെടുംകുന്നം ഗവ.ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 3.52 കോടി രൂപ അനുവദിച്ചതായി സർക്കാർ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎ യുമായ ഡോ.എൻ ജയരാജ് പറഞ്ഞു.
മൂന്നു നിലകളിലായി 18 ക്ലാസ് മുറികൾ, ലൈബ്രറി, കെമിക്കൽ ലാബ്, കമ്പ്യൂട്ടർ ലാബ്, മിനി ഓഡിറ്റോറിയം, ശുചിമുറികൾ എന്നിവ ഉൾപ്പെടുത്തി 16600 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം. സമീപ സർക്കാർ സ്കൂളുകളെല്ലാം ഇതോടെ ഹൈടെക് നിലവാരത്തിലെത്തുമെന്നു എംഎൽഎ പറഞ്ഞു.
റോഡരുകിലുള്ള കാലപ്പഴക്കമേറിയ കെട്ടിടം പൊളിച്ച് മാറ്റിയിട്ടാണ് പുതിയ കെട്ടിടം സ്കൂളിനായി നിർമാണം നടത്തുന്നത്. പഴയ കെട്ടിടത്തിന്റെ ലേല നടപടികളും പുതിയ പ്രവർത്തിയുടെ ടെണ്ടർ നടപടികളും പരമാവധി വേഗത്തിൽ പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ ഡോ.എൻ ജയരാജ് പറഞ്ഞു.