കുമരകം: കോട്ടയം കുമരകത്ത് പ്രണയ തർക്കത്തെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു. വെച്ചൂർ സ്വദശി മാമ്പ്രയിൽ ഹിമാലയത്തിൽ ഗിരീഷിന്റെ മകൻ ഗോപി വിജയ്(19) ആണ് തൂങ്ങി മരിച്ചത്.
ഇന്നലെയാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ ഗോപിയും പെൺകുട്ടിയും ചീപ്പുങ്കലിലെ ഇറിഗേഷൻ വകുപ്പിന്റെ കാടുമൂടി കിടക്കുന്ന സ്ഥലത്തേക്ക് കയറിപ്പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഇതുവഴി പോയ നാട്ടുകാരാണ് ഗോപിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടനെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ഗോപിക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടി പോകുന്നതും നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യ കുറിപ്പും ബാഗും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രണയ സംബന്ധമായ തർക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം.
ഗോപിക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും കുറച്ചകലെയായി പെണ്കുട്ടിയുടേതെന്നു കരുതുന്ന ഒരു മാസ്കും തൂവാലയും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. മൊബൈൽ ഫോൺ ടെക്നീഷ്യൻ ആയിരുന്നു ഗോപി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.