ഉപരാഷ്ടപതിയെ സ്വീകരിക്കാനൊരുങ്ങി കോട്ടയം! ഉപരാഷ്ട്രപതി ഇന്ന് കോട്ടയത്ത്.


കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ കോട്ടയം സന്ദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഉപരാഷ്ട്രപതിയെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് കോട്ടയം.

 

 വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനായാണ് ഉപരാഷ്ട്രപതി കോട്ടയത്ത് എത്തുന്നത്. കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ രാവിലെ 9.45ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി റോഡു മാർഗേനായാണ് രാവിലെ 9.55ന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെത്തുന്നത്. ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന രാഷ്ട്രപതിയെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി, ദക്ഷിണ മേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.ഐ. കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം.ഐ. എന്നിവർ ചേർന്ന് സ്വീകരിക്കും. ചടങ്ങിൽ പങ്കെടുത്ത ശേഷം 11.15 ന് റോഡു മാർഗേന ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങും. അതിരമ്പുഴ-മെഡിക്കൽ കോളജ്, കുട്ടോംമ്പുറം - യൂണിവേഴ്‌സിറ്റി റോഡുകളിൽ 11.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അതിരമ്പുഴ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റി വരെ മാത്രമേ ഗതാഗതം അനുവദിക്കൂ. അതിരമ്പുഴ ഭാഗത്തു നിന്നും മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ അതിരമ്പുഴ ഫെറോന ചർച്ചിന് മുൻവശത്ത് കൂടി പാറോലിക്കൽ കവലയിലെത്തി എം.സി. റോഡ് വഴി പോകണം. അടിച്ചിറ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ അമ്മഞ്ചേരി ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പോകണം. നീണ്ടൂർ, കല്ലറ, വൈക്കം ഭാഗത്തു നിന്നും മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ മാന്നാനം കവലയിലെത്താതെ സൂര്യാ കവല വാരിമുട്ടം വഴി പോകണം.