ഉപരാഷ്ട്രപതിയുടെ സന്ദർശനം: ജില്ലയിൽ ഇന്ന് ട്രയൽ റൺ നടത്തി, ഒരുക്കങ്ങൾ വിലയിരുത്തി.


കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ കോട്ടയം സന്ദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തി. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു ജില്ലയിൽ ഇന്ന് ട്രയൽ റൺ നടത്തി.

 

 ഒരുക്കങ്ങൾ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ തുടങ്ങിയവർ നേരിട്ടെത്തി വിലയിരുത്തി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി മൂന്നിന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക.

ഇന്ന് രാവിലെ 9 മണി മുതലായിരുന്നു ട്രയൽ റൺ നടത്തിയത്. വ്യോമസേനയുടെ മൂന്നു ഹെലികോപ്ടറുകൾ ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ ഇറങ്ങി. വ്യോമസേന ഉദ്യോഗസ്ഥർ ഹെലിപ്പാടും മറ്റു ക്രമീകരണങ്ങളും വിലയിരുത്തി. കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ രാവിലെ 9.45ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി റോഡു മാർഗേനായാണ് രാവിലെ 9.55ന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെത്തുന്നത്.

ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന രാഷ്ട്രപതിയെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി, ദക്ഷിണ മേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.ഐ. കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം.ഐ. എന്നിവർ ചേർന്ന് സ്വീകരിക്കും. ചടങ്ങിൽ പങ്കെടുത്ത ശേഷം 11.15 ന് റോഡു മാർഗേന ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങും. ഉപരാഷ്ട്രപതി സഞ്ചരിക്കുന്ന മെഡിക്കൽകോളജ്-മാന്നാനം റൂട്ടിൽ തിങ്കളാഴ്ച്ച ഉച്ചവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു.