മുണ്ടക്കയത്ത് നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് വീടിനു മുകളിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം.


മുണ്ടക്കയം: മുണ്ടക്കയത്ത് നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് വീടിനു മുകളിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. മുണ്ടക്കയം കോരുത്തോട് കോസടിക്ക് സമീപമുണ്ടായ അപകടത്തിൽ കോരുത്തോട് സ്വദേശി കൊച്ചുതെക്കേൽ ജോജോ സെബാസ്റ്റ്യൻ ആണ് മരിച്ചത്.

മുണ്ടക്കയം-കോരുത്തോട് റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് അപകടം ഉണ്ടായത്. ജോജോ സഞ്ചരിച്ചിരുന്ന കാർ കോരുത്തോട് കോസടിക്ക് സമീപം നിയന്ത്രണംവിട്ടു വൈദ്യുത പോസ്റ്റിലിടിച്ച ശേഷം റോഡിനു താഴ്ഭാഗത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.

അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ജോജോയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോരുത്തോട് പള്ളിപ്പടിയിൽ ബേക്കറി നടത്തി വരികയായിരുന്നു ഇദ്ദേഹം. ഭാര്യ റീന കോരുത്തോട് സെൻറ്. ജോർജ് സ്കൂളിലെ അധ്യാപികയാണ്. ഹന്ന, ആഞ്‌ജലിക്ക് എന്നിവരാണ് മക്കൾ.