മണിമലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു, വാഹനം പൂർണ്ണമായും അഗ്നിക്കിരയായി, അപകടം ഇന്ന് പുലർച്ചെ ഒന്നരയ്ക്ക്, ഒരു വയസ്സുള്ള കുട്ടിയടക്കം കാർ യാത്ര


മണിമല: മണിമലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു.വാഹനം പൂർണ്ണമായും അഗ്നിക്കിരയായി. മണിമല പ്ലാച്ചേരി റോഡിൽ പൊന്തൻപുഴ വനത്തിനോട് ചേർന്നാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്.

പ്ലാച്ചേരിയിൽ നിന്നും കാർ പൊന്തൻപുഴ എത്തിയപ്പോഴേക്കും കാറിന്റെ മുൻഭാഗത്തു നിന്നും തീ ഉയരുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ പ്രീതി നായർ, ഭർത്താവ് പ്രണോബ് ജയപ്രകാശ്, ഒരു വയസുള്ള കുട്ടി എന്നിവരാണ് കാറിൽ ഉണ്ടായിരുnന്നത്. കാറിൽ നിന്നും തീയും പുകയും കണ്ടതിനെ തുടർന്ന് ഇവർ വേഗത്തിൽ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെ നിമിഷനേരം കൊണ്ടാണ് കാർ പൂർണ്ണമായും അഗ്നിക്കിരയായത്. കുഞ്ഞുമായി ഉടനെ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

ഇവരുടെ രേഖകളും വാഹനത്തിന്റെ രേഖകളും കത്തി നശിച്ചു. വനത്തിനോട് ചേർന്ന മേഖലയിലായിരുന്നതിനാൽ നാട്ടുകാർ അപകടം അറിയാൻ വൈകി. ഇവർ വിവരമറിയിച്ചതനുസരിച്ചു നാട്ടുകാർ മണിമല പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യുട്ട് ആകാം അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.