വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം; തോമസ് ചാഴികാടന്‍ എം പി.


കോട്ടയം: യുക്രെയിന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരേയും നയതന്ത്ര പരിരക്ഷയോടെ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു.

യുദ്ധസാദ്ധ്യത മുന്നില്‍ കണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അടിയന്തരമായി രാജ്യം വിടണമെന്ന് യുക്രെയിനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പലയിടത്തും കുടുങ്ങി പോയതിനാല്‍ എയര്‍പോര്‍ട്ടില്‍ എത്താനും വിമാനങ്ങളില്‍ കയറാനും പലര്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരെയും മാതൃരാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ: എസ്ജയശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, യുക്രെയിനിലെ ഇന്ത്യന്‍ അംബാസിഡര്‍ പാര്‍ത്ഥ സത്പതി, വിദേശകാര്യ വിഭാഗം ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ആദര്‍ശ് സെയ്ക, നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു.

യുക്രെയിനില്‍ കുടുങ്ങി കിടക്കുന്ന നിരവധി മലയാളി വിദ്യാര്‍ഥികള്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇ മെയില്‍ സന്ദേശം അയച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു എംപിയുടെ ഇടപെടല്‍. ഈ സന്ദേശങ്ങളും എംപി മന്ത്രിമാരും ഉദ്യോഗസ്ഥരുമായും പങ്കുവച്ചിട്ടുണ്ട്.