ചങ്ങനാശ്ശേരി: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി വീണു ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശി പുഴവാത് കൊലാരം മത്തായി സെബാസ്റ്റ്യൻ-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ മിലൻ സെബാസ്റ്റ്യൻ (22) ആണ് മരിച്ചത്.
ഹൈദരബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ നിന്നും വീണാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന മിലൻ ട്രെയിൻ തൃശൂര്‍ സ്റ്റേഷനിൽ എത്തിയപ്പോൾ വെള്ളം വാങ്ങാനായി ഇറങ്ങിയതായിരുന്നു. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയത് കണ്ടു ഓടിയെത്തിയ മിലൻ ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ കാൽവഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് റെയിൽവേ പോലീസ് വിവരങ്ങൾ ശേഖരിച്ചത്. മിലൻറെ മാതാപിതാക്കള്‍ സെബാസ്റ്റ്യനും ത്രേസ്യാമ്മയും വിദേശത്താണ്.