കുറവിലങ്ങാട്: കുറവിലങ്ങാട് മോനിപ്പള്ളിയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 6 മണിയോടെ എം സി റോഡിൽ കുറവിലങ്ങാട് മോനിപ്പള്ളിയിൽ വെച്ചാണ് അപകടം ഉണ്ടായത്.
പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചതെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബന്ധുവിനെ എയർപോർട്ടിൽ യാത്രയാക്കിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുറവിലങ്ങാട് മോനിപ്പള്ളിയിൽ വെച്ച് കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ കാറിനുള്ളിൽ കുടുങ്ങിയ ഇരുവരെയും പോലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് പുറത്തെടുത്തത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ടോറസിന്റെ ഡ്രൈവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.