സാംസ്കാരിക കേരളത്തിന് അഭിമാനം! അക്ഷരങ്ങളുടെ നാടായ നമ്മുടെ കോട്ടയത്ത് അക്ഷരം മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഇന്ന്.


കോട്ടയം: വൈജ്ഞാനിക ചരിത്രവും സംസ്‌കൃതിയും കൂട്ടിക്കലർത്തി നിർമിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ  ശിലാസ്ഥാപനം ഇന്ന്. കോട്ടയം നാട്ടകം മറിയപ്പള്ളിയിൽ എംസി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് മ്യൂസിയത്തിനുവേണ്ടിയുള്ള കെട്ടിടം ഉയരുക. ഒരു പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. കേരളസര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിന്‍റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയാണ് 'അക്ഷരം മ്യൂസിയം'.

 

4 ഘട്ടമായാണ് നിർമാണം. വരയിൽ നിന്നു ശ്രേഷ്ഠതയിലേക്ക്, കവിതാ വിഭാഗം , ഗദ്യ സാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നിങ്ങനെയാണ് നാലു ഘട്ടങ്ങൾ. മ്യൂസിയത്തിൽ എല്ലാ വിഭാഗങ്ങളിലും കാര്യങ്ങൾ വിഡിയോ, ഓഡിയോ ക്രമീകരണങ്ങളോടെ വിശദീകരിക്കും. സന്ദർഭത്തിന് ഉതകുന്ന ചുമർച്ചിത്രരചനകളും ഉണ്ടാകും. ഒന്നാം ഘട്ടത്തിൽ വാമൊഴിയും പിന്നെ വരമൊഴിയും അച്ചടിയും തുടർന്നു സാക്ഷരത കൈവരിച്ചതു വരെയുള്ള ഘട്ടങ്ങളും  ഉണ്ടാകും. 



ഗുഹാ ചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം മുതലുള്ള കാര്യങ്ങൾ, ഗോത്രഭാഷ, സാക്ഷരതാ പ്രവർത്തനം, എസ്പിസിഎസിന്റെ ചരിത്രം. പ്രവേശന കവാടം കഴിഞ്ഞ് ഒന്നാംഘട്ടത്തിലെ സന്ദർശനവും കഴിഞ്ഞാൽ നേരെ ഇടനാഴിയിലേക്കാണ് പ്രവേശനം. ആ ചുവരുകളിൽ ഫോക് ലോർ കലാരൂപങ്ങളുടെ ഡിജിറ്റൽ ആവിഷ്‌കാരം ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ സംഘകാല കവിതകളിലൂടെ സഞ്ചാരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാടൻപാട്ട്, സംഘകാല സാഹിത്യം,  തമിഴകം ശാസനങ്ങൾ എന്നിവയിൽ  തുടങ്ങി സമകാലിക കവിതകളിൽ വരെ എത്തി നിൽക്കും. ഇവയുടെയെല്ലാം ദൃശ്യ -ശ്രാവ്യ പ്രദർശനം ഉണ്ടാകും. മൂന്നാം ഘട്ടത്തിൽ കഥാസാഹിത്യവും നോവൽ സാഹിത്യവും ഉൾപ്പെടുത്തും. യക്ഷിക്കഥകൾ, മിത്തുകൾ, ഐതിഹ്യങ്ങൾ എന്നിവയുടെ ഓഡിയോ, വിഡിയോ, അനിമേഷൻ കാർട്ടൂണുകൾ ഉണ്ടാകും.  നോവലുകളിലെ കഥാപാത്രങ്ങളുടെ രേഖാ ചിത്രങ്ങളുണ്ടാകും.

 

നാടക ശാഖയ്ക്കായി പ്രത്യേകം ഇടം ക്രമീകരിക്കുന്നുണ്ട്. എഴുത്തുകാരുടെ ജീവചരിത്രവും ഇവിടെ പ്രദർശിപ്പിക്കും. വൈജ്ഞാനിക സാഹിത്യകാലം എന്ന  4 -ാം ഘട്ടത്തിൽ ഭാഷാ വിജ്ഞാനീയം, മലയാള വ്യാകരണ പഠനം, വൃത്തശാസ്ത്രം, അലങ്കാര ശാസ്ത്രം, നിഘണ്ടുക്കൾ, വിജ്ഞാന കോശം, നാട്ടറിവ് പഠനം, ചലച്ചിത്ര പഠനം, മനഃശാസ്ത്രം, മതം, തത്വചിന്ത, ഭൂമിശാസ്ത്രം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തും. മ്യൂസിയം പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദ്ദപരവും ഭിന്നശേഷി സൗഹാര്‍ദ്ദപരവുമായിരിക്കും. അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ആധുനികസാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗിച്ചാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന അക്ഷരം മ്യൂസിയത്തോടൊപ്പം ലൈബ്രറി, ആർക്കൈവൽ ആർക്കിയോളജിക്കൽ ശേഖരം, ഗവേഷണകേന്ദ്രം, കോൺഫറൻസ് ഹാൾ, തിയേറ്റർ, ഡിജിറ്റലൈസേഷൻ ലാബ് എന്നിവയും ഒരുക്കാൻ ഉദ്ദേശിക്കുന്നു. ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന അക്ഷരം മ്യൂസിയത്തോടൊപ്പം കോട്ടയം നഗരത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്ന ഇടങ്ങളെയും സ്ഥലങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് വി വിപുലീകൃതമായ രീതിയിൽ ഒരു ടൂറിസം പ്രോജക്റ്റും ഇതിന്റെ ഭാഗമാണ്. മ്യുസിയം കെട്ടിടങ്ങളുടെ ശിലാസ്ഥാപന കർമ്മം ഇന്ന് വൈകിട്ട് 4 മണിക്ക് ഇന്ത്യ പ്രസ്സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.