കോട്ടയം: സംസ്ഥാനത്ത് കോവിഡ് സാഹചര്യങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന അംഗൻവാടികൾ വീണ്ടും തുറന്നു. ഇന്ന് മുതലാണ് അംഗൻവാടികൾ തുറന്നു വീണ്ടും പ്രവർത്തനം ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന അംഗൻവാടികൾ ഇത് 23 മാസങ്ങൾക്ക് ശേഷമാണ് കുട്ടികൾക്കായി തുറന്നു കൊടുക്കുന്നത്.

 

വലിയ സന്തോഷത്തോടെയാണ് കുട്ടികൾ അംഗൻവാടികളിലേക്ക് എത്തിയത്. മധുര പലഹാരങ്ങളും മിട്ടായികളും നൽകിയാണ് ആദ്യദിനം കുട്ടികളെ സ്വീകരിച്ചത്. 2020 മാർച്ച് മാസത്തിലാണ് സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ അംഗൻവാടികൾ അടച്ചത്. കുട്ടികൾ എത്തുന്നില്ലെങ്കിലും അംഗൻവാടികളിലെ മറ്റ് പ്രവർത്തനങ്ങൾ നടന്നിരുന്നു.

 

വിക്ടേഴ്സ് ചാനലിലെ കിളിക്കൊഞ്ചലിലൂടെയും അതോടൊപ്പം തന്നെ വീടുകളിൽ എത്തിച്ച് നൽകുന്ന കഥാ പുസ്തകങ്ങളിലൂടെയുമൊക്കെ കുട്ടികൾക്ക് അംഗൻവാടികളിലെ പഠന സാഹചര്യങ്ങൾ അടച്ചിട്ടിരുന്ന ഈ കാലഘട്ടത്തിലും ഒരുക്കിയിരുന്നു. സംസ്ഥാനത്തെ അംഗൻവാടികൾക്കൊപ്പം ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍, ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള് എന്നിവയും പ്രവർത്തനം ആരംഭിച്ചു.