സുറിയാനി സഭകളിലെ നാടാര്‍ ക്രൈസ്തവരെ ഒ.ബി.സി സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടി സ്വാഗതാര്‍ഹം; ആർച്ച് ബിഷപ്പ് ജോസഫ് പെരുംതോട്ടം.


സുറിയാനി സഭകളിലെ നാടാര്‍ ക്രൈസ്തവരെ ഒ.ബി.സി. സംവരണ ലിസ്റ്റില്‍  ഉള്‍പ്പെടുത്തിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം പറഞ്ഞു. സുറിയാനി സഭകളില്‍ ഉള്‍പ്പെടുന്ന നാടാര്‍ ക്രൈസ്തവര്‍ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സംവരണം നിഷേധിക്കപ്പെടുന്ന അനീതിപരമായ സാഹചര്യമായിരുന്നു എഴുപത്തഞ്ച് വര്‍ഷമായി സംസ്ഥാനത്ത്  നിലവിലിരുന്നത് എന്ന് മാർ ജോസഫ് പെരുംതോട്ടം പറഞ്ഞു.

 

ഇതിന് അന്ത്യം കുറിച്ച് ഒ.ബി.സി സംവരണം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു. നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്‍കുവാനുള്ള  തീരുമാനം തികച്ചു അഭിനന്ദനീയമാണ്. നാടാര്‍ ക്രൈസ്തവരെ കേന്ദ്ര സര്‍ക്കാരിന്റെ ഒ ബി സി ലിസ്റ്റില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു.

 

ഭരണഘടനാപരമായ സാധുത പൂര്‍ണ്ണമായും ഉറപ്പാക്കിക്കൊണ്ടാണ് സംസ്ഥാനത്തെ ക്രിസ്ത്യന്‍ നാടാര്‍ സംവരണം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മുമ്പാകെയും ഈ വിഷയം പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട  ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്റെ മുമ്പാകെയും  നാടാര്‍ ക്രൈസ്തവ വിഭാഗത്തിന്റെ വിവിധ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത നിരന്തരം ശ്രദ്ധിച്ചിരുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന എല്ലാ നാടാര്‍ ക്രൈസ്തവ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനും ഈ തീരുമാനം സഹായകരമാണ്. ബന്ധപ്പെട്ടവര് ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം പറഞ്ഞു.