വികാരനിർഭരം! 35 വർഷത്തെ ആത്മബന്ധത്തിനൊടുവിൽ തന്റെ സാരഥിയെ യാത്രയാക്കാൻ ബീനയും എത്തി, കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു ഒരു വിടപറയൽ.


കോട്ടയം: കോട്ടയത്തു നിന്നും അയർക്കുന്നം വഴി മറ്റക്കര പാലായ്ക്ക് സർവ്വീസ് നടത്തുന്ന ബീന ബസ്സിന്റെ ഡ്രൈവറായിരുന്നു കുഞ്ഞുമോൻ ചേട്ടൻ(72) എന്ന ജോർജ് ജോസഫ്. ഒരു നാടിന്റെ തന്നെ സമയക്രമമായിരുന്ന മറ്റക്കരയുടെ പ്രിയ പുത്രിയായിരുന്ന ബീനയ്‌ക്കൊപ്പം സാരഥിയായി 35 വർഷമാണ് കുഞ്ഞുമോൻ ചേട്ടൻ ഒപ്പമുണ്ടായിരുന്നത്.

 

രോഗബാധിതനായി കഴിഞ്ഞിരുന്ന ആനത്താനം പള്ളിനീരാക്കൽ കുഞ്ഞുമോൻ ചേട്ടൻ കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. സ്വന്തം മകളെ പോലെയായിരുന്നു ബീന ബസ്സിനോടുള്ള കുഞ്ഞുമോൻ ചേട്ടന്റെ സ്നേഹം. ഉടമ ബോബിയുമായും കുഞ്ഞുമോൻ ചേട്ടൻ വലിയൊരു ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ചൊവ്വാഴ്ച്ച പൂമറ്റം പള്ളിയിൽ കുഞ്ഞുമോൻ ചേട്ടന്റെ സംസ്കാര ചടങ്ങുകൾക്കായി എത്തിയവരുടെ കണ്ണ് നിറയുന്ന രംഗമാണ് ഉണ്ടായത്.

 

35 വർഷത്തെ ആത്മബന്ധത്തിനൊടുവിൽ തന്റെ സാരഥിയെ യാത്രയാക്കാൻ ബീനയും എത്തിയിരുന്നു. വികാരനിർഭരമായ കാഴ്ചകൾക്കാണ് ആളുകൾ സാക്ഷ്യം വഹിച്ചത്. തന്റെ ഏറ്റവും പ്രിയങ്കരനായ സാരഥിയെ അവസാനമായി ഒരു നോക്ക് കാണാനും യാത്രയയക്കാനുമായാണ് ബീനയും പള്ളിമുറ്റത്തേക്ക് എത്തിയത്. കണ്ണുകളെ ഈറനണിയിച്ച ഈ കാഴ്ച്ച സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. യാത്രക്കാർ ഒരിക്കലും മറക്കാത്ത ഒരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്.