കോട്ടയം: വിശ്വസാഹോദര്യത്തിന് കാരുണ്യസ്പര്‍ശം നല്കികൊണ്ട് കോവിഡ് കാലഘട്ടത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ നയിക്കാന്‍ നിയോഗിതനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായ്ക്ക് നാളെ 73-ാം ജന്മദിനം.
മുന്‍ഗാമി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം നടപ്പിലാക്കുന്ന ‘സഹോദരന്‍’ എന്ന ജീവകാരുണ്യ പദ്ധതി നിസ്വാര്‍ത്ഥ സേവനപാതയില്‍ സഭാധ്യക്ഷ സ്ഥാനത്തെത്തിയ പരിശുദ്ധ ബാവാ തിരുമേനിയുടെ ജന്മദിനത്തെ വ്യത്യസ്തമാക്കും. ജാതി മത ഭേദമില്ലാതെ ഭവനരഹിതര്‍ക്കും രോഗികള്‍ക്കും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും കരുതല്‍ നല്കുന്ന 7 പദ്ധതികളാണ് ‘സഹോദരന്‍’ വിഭാവനം ചെയ്യുന്നത്.
കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്ത ആയിരിക്കെ ആരംഭം കുറിച്ച പ്രഥമ പ്രസ്ഥാനമായ ‘പ്രതീക്ഷ’ മുതല്‍ അടുത്തിടെ ആരംഭിച്ച ‘പ്രശോഭ’ വരെ ഇരുപതോളം ജീവകാരുണ്യ പദ്ധതികളുടെ പാതയില്‍ സഭാധ്യക്ഷസ്ഥാനത്തെത്തിയ ബാവാ തിരുമേനിയിലൂടെ ഇനി നാനാജാതിമത ഭേദമില്ലാതെ കാരുണ്യത്തിന്റെ നീരുറവ പ്രവഹിക്കും. സമഭാവനയോടെ ആലംബഹീനരെ ചേര്‍ത്തുപിടിക്കുന്ന പദ്ധതിയിലൂടെ എല്ലാ വര്‍ഷവും അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കും. ഈ സംരംഭത്തില്‍ ഭാഗമാകുവാന്‍ സന്നദ്ധരായവരെ ചേര്‍ത്ത് ജാതിമത ഭേദമില്ലാതെ ‘സോദരസംഘം’ രൂപീകരിക്കും.
ബാവാ തിരുമേനിക്ക് ലഭിക്കുന്ന ജന്മദിന സമ്മാനങ്ങളും വ്യക്തിപരമായി ലഭിക്കുന്ന മറ്റു ഉപഹാരങ്ങളും ചേര്‍ത്ത് വിപുലമായ നിലയില്‍ പദ്ധതി നിര്‍വഹിക്കും. അതിര്‍വരമ്പുകളില്ലാതെ അര്‍ഹരായവരുടെ കണ്ണീരൊപ്പുന്ന സന്ദര്‍ഭമായി പരിശുദ്ധ ബാവാ തിരുമേനിയുടെ ജന്മദിനം മാറുകയാണ്. ഐക്യവും കാരുണ്യവും സാഹോദര്യവും ഉള്ള ഒരു മാനവ കുടുംബം എന്ന നിലയില്‍ ദൈവത്തിന്റെ നിസ്വാര്‍ത്ഥ സ്‌നേഹം പങ്കുവയ്ക്കുന്ന വേദിയാകുകയാണ് ‘സഹോദരന്‍’. ‘ചുറ്റുമുള്ള ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ചു നല്കുന്ന ഓരോ വീടുകളും ദേവാലങ്ങള്‍ ആണെന്ന ആഹ്വാനം വിശ്വാസികള്‍ ഏറ്റെടുത്തിരിക്കുന്നു’. മതങ്ങളും സഭകളും അവയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ വിശാലമായ സ്‌നേഹവും സഹവര്‍ത്തിത്വവും ഊഷ്മളമാക്കുവാന്‍ കാതോലിക്കാ ബാവാ സവിശേഷ ശ്രദ്ധ നല്കുന്നു.
ജന്മദിനത്തോടനുബന്ധിച്ച് രാവിലെ 7 മണിക്ക് പരുമല പള്ളിയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 9 മണിക്ക് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ക്ലീമീസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ്, സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, ചങ്ങനാശ്ശേരി അതിരൂപതയുടെ ഓക്‌സിലറി ബിഷപ്പ് മാര്‍ തോമസ് തറയില്‍, തിരുവന്തപുരം ശാന്തിഗ്രാം ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പുനലൂര്‍ രൂപതയുടെ ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, സി.എസ്.ഐ സഭയുടെ ബിഷപ്പ് ഡോ. സാബു മലയില്‍ കോശി ചെറിയാന്‍, കല്‍ദായ സഭയുടെ മാര്‍ ഔഗിന്‍ കുറിയാക്കോസ് എപ്പിസ്‌ക്കോപ്പാ, സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. എം. സി.പൗലോസ്, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പ്രസംഗിക്കും.
ബാവാ തിരുമേനി രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിക്കും ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ പുസ്തക പരിചയം നടത്തും. ‘സഹോദരന്‍’ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയുടെ വിതരണോത്ഘാടനം ചടങ്ങില്‍ വച്ച് നടത്തപ്പെടും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഓണ്‍ലൈനായി നടത്തപ്പെടുന്ന ചടങ്ങ് സഭയുടെ ഔദ്യോഗിക മാധ്യമങ്ങളായ ഗ്രിഗോറിയന്‍ ടി വിയിലും കാതോലിക്കേറ്റ് ന്യൂസിലും തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.