ഏറ്റുമാനൂരിൽ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷൻ സംഭരണശാല സ്ഥാപിക്കാൻ സ്ഥലം വിട്ടു നൽകണം, കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷൻ സംഭരണശാല സ്ഥാപിക്കാൻ എം.എസ്.എം.ഇ യുടെ കൈവശമുള്ള സ്ഥലം വിട്ട് നാൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് മന്ത്രി നാരായണ റാണക്ക് എം പി തോമസ് ചാഴികാടൻ നിവേദനം നൽകി.

 

കേന്ദ്ര സർക്കാരിൻറെ ഉപഭോക്തകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷൻ (സി.ഡബ്ല്യു.സി) സംഭരണശാലക്കു വേണ്ടി ഏറ്റുമാനൂരിൽ എം.എസ്.എം.ഇ ട്രേയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആണ് കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് മന്ത്രി ശ്രീ നാരായണ റാണക്ക് നിവേദനം നൽകി. എല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടിയ അഞ്ചേക്കർ സ്ഥലം ആണ് ഡി.ഡബ്ല്യു.സി ഇവിടെ ലക്ഷ്യം വയ്ക്കുന്നത്.

 

1956ൽ ജി.ഐ.പി.സി പ്രവർത്തനം തുടങ്ങിയതിനുശേഷം കഴിഞ്ഞ 30 വർഷമായി ഈ സ്ഥലം പ്രവർത്തനരഹിതമായി കിടക്കുകയാണ്. 2019ൽ ആരംഭിച്ച എം.എസ്.എം.സി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത് മൂന്ന് ഏക്കർ സ്ഥലത്താണ്. ഇപ്പോൾ ഉപയോഗശൂന്യമായി കാടുപിടിച്ചുകിടക്കുന്ന ബാക്കി 7 ഏക്കർ വരുന്ന സ്ഥലം സർക്കാർ സ്ഥാപനമായ സി.ഡബ്ല്യു.സി യുടെ പരിശോധനയിൽ സംഭരണശാല സ്ഥാപിക്കുവാൻ അനുയോജ്യമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനോട് തൊട്ടു ചേർന്ന് കിടക്കുന്ന സ്ഥലം ആയതിനാൽ ഇവിടെ ഗോഡൗൺ നിർമ്മിക്കുന്നത് റെയിൽവേ വാഗണുകൾ വരുന്നതിനും ചരക്കു കയറ്റി ഇറക്കുന്നതിനും വളരെയേറെ സൗകര്യപ്രദമാകും. ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അറുപതിലധികം ചെറുകിട വ്യവസായ യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഫാക്ടറികൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്നതിനും ഈ ഗോഡൗൺ പ്രയോജനകരമാകും. ചരക്കുകളുടെ ശാസ്ത്രീയ സംഭരണം, കൈകാര്യം ചെയ്യൽ, കാർഷിക ഉൽപ്പന്നങ്ങൾ, വ്യവസായിക അസംസ്കൃത വസ്തുക്കൾ എന്നിവ സൂക്ഷിക്കാൽ ഉൾപ്പെടെ വിപുലമായ സംവിധാനമാണ് സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ സംഭരണശാലയുടെ ലക്ഷ്യം. 

പ്രാദേശികമായ ആവശ്യകത അനുസരിച്ച് താപനിയന്ത്രണ സംവിധാനവും ഈ വെയർഹൗസിൽ ലഭ്യമാക്കും. കർഷകർ, വ്യാപാരി വ്യവസായികൾ, സർക്കാർ സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനുള്ള സൗകര്യമൊരുക്കുന്നതോടൊപ്പം കോട്ടയം ജില്ലയിലെ പൊതു വിതരണ സംവിധാനത്തെയും ഈ വെയർഹൗസ് സംരംഭം ശക്തിപ്പെടുത്തും. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സാധനങ്ങളും കേടുകൂടാതെ ഈ ഗോഡൗണിൽ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. 

തദ്ദേശിയരായ നൂറുകണക്കിന് തൊഴിലാളികൾക്ക് കയറ്റിറക്ക് മേഖലയിലും മറ്റ് അനുബന്ധ മേഖലയിലും പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സാധ്യത ഉണ്ടാകും. നിവേദനം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട് എന്ന് എം പി തോമസ് ചാഴികാടൻ പറഞ്ഞു. അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.