കപ്പൽ യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ യുവാവിനെ ബന്ധുക്കളെ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു.


ചങ്ങനാശ്ശേരി: കപ്പൽ യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ യുവാവിനെ ബന്ധുക്കളെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി വലിയിടത്തിറ വീട്ടിൽ പരേതനായ കുരുവിളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൻ ജസ്റ്റിൻ കുരുവിള(30) യെയാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായത്.

 

ബുധനാഴ്ച്ച രാവിലെയാണ് ജെസ്റ്റിനെ കാണാതായതായി കപ്പൽ കമ്പനി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചത്. ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളോട് ഫോണിൽ സംസാരിച്ചത്. പിന്നീട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫോൺ വിളിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ കപ്പൽ കമ്പനി അധികൃതർ ജെസ്റ്റിനെ കാണാനില്ല എന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ജസ്റ്റിന്റെ വീട്ടിലെത്തിയ മന്ത്രി വി എൻ വാസവൻ മാതാവ് കുഞ്ഞൂഞ്ഞമ്മ, സഹോദരി ഷിക്ക, സഹോദരൻ ഷെഫിൻ എന്നിവരുമായി സംസാരിച്ചു.

 

ജസ്റ്റിന്റെ തിരോധാനം അറിഞ്ഞ സമയത്തു തന്നെ അതു സംബന്ധിച്ച് അന്വേഷണം നടത്താൻ  വേണ്ട നടപടികൾ സ്വീകരിക്കണമെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായും തുടർന്ന് അദ്ദേഹം നടത്തിയ അടിയന്തര ഇടപെടലുകൾ ബന്ധുക്കളെ അറിയിക്കുകയും ചെയ്തതായി വി എൻ വാസവൻ പറഞ്ഞു. എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കുടുംബത്തിന് മന്ത്രി ഉറപ്പു നൽകി. എംഎൽഎ ജോബ് മൈക്കിൾ, സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ഏരിയ സെക്രട്ടറി കെസി ജോസഫ്, തദ്ദേശ ജനപ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.