കോട്ടയം: ആലപ്പുഴ ജില്ലാ കളക്ടർ എ അലക്സാണ്ടർ ഈ മാസം 28 നു വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ജില്ലാ കലക്ടറായി ഡോ.രേണുരാജിനെ നിയമിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ രേണുരാജ് ആലപ്പുഴയുടെ 53 മത് ജില്ലാ കലക്ടറായാണ് സ്ഥാനമേൽക്കുന്നത്.
നിലവിൽ നഗരകാര്യ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് രേണുരാജ്. ചങ്ങനാശ്ശേരി മലകുന്നം സ്വദേശി ശ്രീശൈലത്തിൽ എം കെ രാജകുമാരൻ നായരുടെയും വി എൻ ലതയുടെയും മകളായ രേണുരാജ് 2014-ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാം റാങ്കുകാരിയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ദേവികുളം,തൃശൂർ എന്നിവിടങ്ങളിൽ സബ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പ്രളയകാലത്തും കോട്ടയം ജില്ലയിൽ ജില്ലാ കളക്ടറെ സഹായിക്കുന്നതിനായി സർക്കാർ രേണുരാജിനെ നിയമിച്ചിരുന്നു.