വിദ്യാഭ്യാസ വായ്പ പലിശനിരക്ക് 4 ശതമാനമാക്കണം; തോമസ് ചാഴികാടൻ.


ന്യൂഡൽഹി: വിദ്യാഭ്യാസ വായ്പ പലിശനിരക്ക് 4 ശതമാനമാക്കണമെന്നു തോമസ് ചാഴികാടൻ എം പി. വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് 10 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറയ്ക്കണമെന്ന് പാര്‍ലമെൻ്റ് ബജറ്റ് ചർച്ചാവേളയിൽ എം പി തോമസ് ചാഴികാടൻ ധനമന്ത്രി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെട്ടു.

 

രാജ്യത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാഭ്യാസ വായ്പ എടുക്കുന്നവരാണ്. വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്ക് വാഹന വായ്പയെയും ഭവന വായ്പയെയും അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. വാഹനവായ്പക്ക് 6.75 ശതമാനവും ഭവന വായ്പക്ക് 6.5 ശതമാനവുമാണ് പലിശ നിരക്ക്.

 

വിദ്യാഭ്യാസ വായ്പക്ക് 10 ശതമാനം പലിശയാണ് ഈടാക്കുന്നത് എന്ന് തോമസ് ചാഴികാടൻ പറഞ്ഞു. ഇത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന അനീതി ആണെന്നും നാലു ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ ഈടില്ലാതെ 4 ശതമാനമായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.