കേരളത്തില്‍ ആദ്യമായി ജനകീയാസൂത്രണ പദ്ധതി പ്രകാരം രൂപീകരിച്ച എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ അടച്ചു പൂട്ടലിലേയ്ക്ക്, നീക്കത്തിനെതിരെ പ്രതിഷ


എരുമേലി: കേരളത്തില്‍ ആദ്യമായി ജനകീയാസൂത്രണ പദ്ധതി പ്രകാരം രൂപീകരിച്ച എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ അടച്ചു പൂട്ടലിലേയ്ക്ക്. സംസ്ഥാനത്തെ ഡിപ്പോകള്‍ നിലനിര്‍ത്തുകയും ഓപ്പറേറ്റിങ് സെന്ററുകള്‍ നിര്‍ത്തലാക്കുകയും ചെയുന്നതിനാണ് കെഎസ്ആര്‍ടി സിയുടെ പുതിയ സര്‍ക്കുലര്‍. ഇതോടെ എരുമേലി ഓപ്പറേറ്റിങ് സെന്ററിന് പൂട്ടുവീഴുന്നതിനാണ് സാധ്യത.

 

മെക്കാനിക്കല്‍ ജീവനക്കാരെ മുഴുവനായും പൊന്‍കുന്നം ഡിപ്പോയിലേയ്ക്ക് പോസ്റ്റ് ചെയ്തുള്ള ഉത്തരവിറങ്ങി. ഓപ്പറേറ്റിങ് സെന്റര്‍ നിര്‍ത്തലാക്കുന്നതിന്റെ സൂചനയാണിതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കെഎസ്ആർടിസി യുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.  മികച്ച നിലയില്‍ സര്‍വീസുകള്‍ നടത്തിയിരുന്ന സെന്ററില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ ഓരോന്നായി വെട്ടികുറച്ചതായും ശബരിമല തീര്‍ഥാടനം ഉള്‍പ്പെടെയുളള പ്രധാന്യം കണക്കിലെടുത്ത് സെന്റര്‍ നിലനിര്‍ത്തണമെന്നുമുള്ള ആവശ്യത്തിലാണ് നാട്ടുകാരും യാത്രക്കാരും.

 

ആര്‍. ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ സെന്റര്‍ ഇവിടെ നിന്നും മാറ്റുന്നതിനായി അധികൃതര്‍ നീക്കം നടത്തിയപ്പോള്‍ വ്യാപകമായ ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ശബരിമല തീര്‍ഥാടനകാലത്ത് മികച്ച വരുമാനം സെന്ററിന് ലഭിച്ചിരുന്നു. കണ്ണൂര്‍, ചന്ദനക്കാംപാറ, ആനയ്ക്കാംപൊയ്ക,ആലപ്പുഴ, തിരുവനന്തപുരം,എറണാകുളം,പാലക്കാട്, ഗുരുവായൂർ ക്ഷേത്രം തുടങ്ങി ദീര്‍ഘദൂര സര്‍വീസുകളും മലയോര മേഖലയിലേയ്ക്കുള്ള സര്‍വീസും പമ്പ സർവ്വീസും ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്നു. എന്നാൽ പല സമയങ്ങളിലായി സർവ്വീസുകൾ പലതും നിർത്തലാക്കുകയും വെട്ടിക്കുറയ്ക്കുകയുമായിരുന്നു. 33 ബസുകളും 28 സര്‍വീസുകളുമായിരുന്നു നേരത്തെ എരുമേലിയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് പലതും നിർത്തലാക്കിയതോടെ ഇപ്പോൾ 23 ബസുകളും 19 സര്‍വീസുകളും മാത്രമാണുള്ളത്. ദേവസ്വം ബോര്‍ഡില്‍ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്താണ് ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മേഖലയില്‍ മുണ്ടക്കയത്ത് കെ. എസ്. ആര്‍. ടി. സിയ്ക്കായി സ്ഥലം ഏറ്റെടുത്ത് കെട്ടിടം ഉള്‍പ്പെടെ നിര്‍മിച്ചിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ ഉപേക്ഷിച്ചിരുന്നു. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും കെ. എസ്. ആര്‍. ടി. സി. ബസുകള്‍ പാര്‍ക്ക് ചെയുന്നതിനോ സര്‍വീസുകളുടെ വിവരങ്ങള്‍ അറിയുന്നതിനോ യാതൊരു സൗകര്യവുമില്ല. ഇതോടെ കെ. എസ്. ആര്‍. ടി. സിയോടുള്ള യാത്രക്കാരുടെ താല്‍പ്പര്യം കുറയുന്നതിനിടയാക്കും. എരുമേലി ഓപ്പറേറ്റിങ് സെന്ററില്‍ മാത്രം ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് എത്തുന്നത്. അശാസ്ത്രീയമായ തീരുമാനം കെ. എസ്. ആര്‍. ടി. സി. പുനഃപരിശോധിക്കണമെന്നാണ് വിവിധ തൊഴിലാളി സംഘടനകളും ആവശ്യമുയര്‍ത്തുന്നത്.