ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കുരിശ് പള്ളി നിർമിക്കുന്നതിനായി സൂക്ഷിച്ചിരുന്ന കട്ടളകൾ തീവെച്ചു നശിപ്പിച്ച നിലയിൽ. ഏറ്റുമാനൂർ പ്ലാന്തമലയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഏറ്റുമാനൂർ രത്നഗിരി പള്ളിയുടെ കുരിശ് പള്ളി നിർമിക്കുന്നതിനായി സൂക്ഷിച്ചിരുന്ന തടി കൊണ്ട് നിർമ്മിച്ച കട്ടളകളാണ് തീവെച്ചു നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
നിർമ്മാണ സാമഗ്രികൾ സജ്ജമാക്കുന്നതിനായി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു ജോലികൾ നടന്നിരുന്നത്. അഞ്ചിലധികം കട്ടളകളാണ് തീവെച്ചു നശിപ്പിക്കപ്പെട്ടത്. ഇവിടെ സൂക്ഷിച്ചിരുന്ന മറ്റു തടികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപവാസികളാണ് സ്ഥലത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ടു ഓടിയെത്തി തീ അണച്ചത്. പ്ലാന്തമലക്ക് സമീപമുള്ള കുരിശുമലയിൽ കുരിശുപള്ളി നിർമ്മിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളായിരുന്നു ഇവിടെ നടന്നിരുന്നത്. സ്ഥലം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചതായാണ് വിവരം. കുരിശു പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികൾ ഈ വീട്ടിലാണ് താമസിക്കുന്നത്. രാവിലെ ഇവർ ഇവിടെ നിന്നും കുരിശു മലയിലെ പള്ളി നിർമ്മിക്കുന്ന സ്ഥലത്തേക്ക് പോയിക്കഴിഞ്ഞാണ് സംഭവം ഉണ്ടായിരിക്കുന്നത്. തൊഴിലാളികൾ നിർമ്മാണ സ്ഥലത്തേക്ക് പോയതിനും മരപ്പണിക്കാർ ഇവിടേക്ക് എത്തുന്നതിനുമിടയിലുള്ള സമയത്താണ് സംഭവം നടന്നിരിക്കുന്നത്. ചുറ്റുപാടുകളും വിവരങ്ങളും കൃത്യമായി അറിയാവുന്നവരാണ് ഈ പ്രവൃത്തി ചെയ്തിരിക്കുന്നത് എന്നാണു സംശയം എന്ന് സഭാ ഭാരവാഹികൾ പറഞ്ഞു.