മുണ്ടക്കയം: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ മുണ്ടക്കയത്തിന്റെയും എരുമേലിയുടെയും മലയോര പ്രദേശങ്ങളിൽ ഇനി അവശ്യ സന്ദർഭങ്ങളിൽ അനായാസമായി പോലീസ് സേനയെത്തും. മുണ്ടക്കയം,എരുമേലി പോലീസ് സ്റ്റേഷനുകൾക്ക് ഇനി സഹചാരിയയായി ഗൂർഖയുണ്ടാകും.
ദുര്‍ഘടപ്രദേശങ്ങളിലെ യാത്രക്കായി സംസ്ഥാനത്തെ 46 പോലീസ് സ്റ്റേഷനുകള്‍ക്ക് ആണ് പുതിയ ഗൂർഖ വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്. മുണ്ടക്കയം പോലീസ് സ്റ്റേഷന് കീഴിലുള്ള മലയോര മേഖലകളായ കൂട്ടിക്കൽ,ഏന്തയാർ, ഇളംകാട്,കോരുത്തോട് തുടങ്ങി വിവിധ മേഖലകളിലും എരുമേലി പോലീസ് സ്റ്റേഷന് കീഴിലുള്ള എയ്ഞ്ചൽവാലി,പമ്പാവാലി,കണമല, നേർച്ചപ്പാറ,ആമക്കുന്നു, തുമരംപാറ തുടങ്ങി വിവിധ മേഖലകളിലും അവശ്യ സേവനങ്ങൾക്കായി ഇനി അനായാസം പോലീസ് സേനയ്ക്ക് എത്താൻ സഹായിക്കുന്നതാണ് ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങള്‍.
എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകൾക്ക് കെമാറി. നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. വെള്ളപ്പൊക്കം,മഴക്കെടുതി,ഉരുൾപൊട്ടൽ തുടങ്ങി അപ്രതീക്ഷിത പ്രകൃതി ദുരന്ത മേഖലകളിൽ മാലയും കുഴിയും കല്ലും ചെളിയും ഒന്നും തടസ്സമാകാതെ ഗൂർഖയെത്തും. ജില്ലയിലെ മേലുകാവ് പോലീസ് സ്റ്റേഷനും ഗൂർഖ ഇനി മുതൽ സഹചാരിയായി ഒപ്പമുണ്ടാകും. ഇത് ആദ്യമായാണ് ഫോഴ്സ് കമ്പനിയുടെ വാഹനമായ ഗൂർഖ കേരളാ പോലീസിന്റെ ഭാഗമാകുന്നത്.