കോട്ടയം: കോട്ടയം ജില്ലയിലെ 5 പോലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ച ഗൂർഖ ജീപ്പുകൾ ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ച ഗൂർഖ ജീപ്പുകൾ ആണ് ഇന്ന് കൈമാറിയത്. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് വളപ്പിൽ നടന്ന ചടങ്ങിൽ കോട്ടയം ഈസ്റ്റ്, എരുമേലി, മുണ്ടക്കയം, മണിമല, മേലുകാവ് തുടങ്ങിയ സ്റ്റേഷനുകൾക്ക് അനുവദിച്ച ഗൂർഖ ജീപ്പുകൾ ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു.
ദുര്‍ഘടപ്രദേശങ്ങളിലെ യാത്രക്കായി സംസ്ഥാനത്തെ 46 പോലീസ് സ്റ്റേഷനുകള്‍ക്ക് ആണ് പുതിയ ഗൂർഖ വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്. നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്.
ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. വെള്ളപ്പൊക്കം,മഴക്കെടുതി,ഉരുൾപൊട്ടൽ തുടങ്ങി അപ്രതീക്ഷിത പ്രകൃതി ദുരന്ത മേഖലകളിൽ മാലയും കുഴിയും കല്ലും ചെളിയും ഒന്നും തടസ്സമാകാതെ ഗൂർഖയെത്തും. ജില്ലയിലെ മേലുകാവ് പോലീസ് സ്റ്റേഷനും ഗൂർഖ ഇനി മുതൽ സഹചാരിയായി ഒപ്പമുണ്ടാകും. ഇത് ആദ്യമായാണ് ഫോഴ്സ് കമ്പനിയുടെ വാഹനമായ ഗൂർഖ കേരളാ പോലീസിന്റെ ഭാഗമാകുന്നത്.